യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ' കരുതല്‍ വേണം ' റെയില്‍വേ സ്റ്റേഷനുകളില്‍
കാസര്‍കോട്: ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകള്‍ സാമൂഹ്യവിരുദ്ധരുടെ പിടിയില്‍. കഞ്ചാവ് മാഫിയകള്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനിലും വിലസുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിക്കുന്നു. റെയില്‍വേ പൊലിസിന്റെയും മറ്റും ഇടപെടലുണ്ടെങ്കിലും സാമൂഹ്യവിരുദ്ധരുടെ ശല്യം നാള്‍ക്കുനാള്‍ കൂടിവരികയാണ്.
മംഗ്‌ളുരുവില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ വച്ചാണ് കഞ്ചാവ് വിതരണം ചെയ്യുന്നതെന്ന വിവരവും പൊലിസിനുണ്ടെങ്കിലും ഇവരെ ഒതുക്കാനുള്ള നടപടികളൊന്നും പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് യാത്ര നടത്തുന്നവര്‍ ട്രെയിനിനകത്ത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ അക്രമം നടത്തുന്നതും പതിവ് സംഭവമാണ്.
ഒരാഴ്ച്ച മുന്‍പ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് മംഗ്‌ളുരുവിലെ വിദ്യാര്‍ഥിനിക്ക് നേരെ ഒരാള്‍ അപമര്യാദയായി പെരുമാറിയെങ്കിലും ഇയാളെ കണ്ടെത്താനും പൊലിസിനായിട്ടില്ല. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പൊലിസ് ഇപ്പോള്‍ ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്രത്യേക പരിശോധന നടത്തുകയാണ്.
ജില്ലയിലെ ഒരു റെയില്‍വേ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് മതിയായ സുരക്ഷയില്ലെന്നതാണ് വസ്തുത. രാത്രികാലങ്ങളില്‍ ഭിക്ഷാടന മാഫിയയും ലഹരി മാഫിയയും സ്റ്റേഷനുകളില്‍ തമ്പടിക്കുകയാണ്. റെയില്‍വേ സ്റ്റേഷനുകളുടെ ഏത് ഭാഗത്ത് ട്രെയിനിറങ്ങിയാലും പലവഴികളിലൂടെ റോഡിലെക്കെത്തി രക്ഷപ്പെടാനുള്ള മാര്‍ഗമുള്ളതിനാല്‍ മാഫിയാ സംഘങ്ങള്‍ക്കും ഉപകാരമാണ്.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇത്തരത്തില്‍ ഏത് വഴിയിലൂടെയും രക്ഷപ്പെടാനുള്ള നിരവധി മാര്‍ഗങ്ങളുണ്ടെന്നും അത്തരം വഴികള്‍ അടക്കേണ്ടതാണെന്നും നേരത്തെ തന്നെ റെയില്‍വേ പൊലിസ് റെയില്‍വേയോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടിമാത്രം ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."