സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി റോഡില്‍ പാര്‍ക്കിങ് നിരോധനം ശക്തമാക്കിയതായി ആര്‍.ടി.ഒ
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയോടനുബന്ധിച്ചുളള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടത്തിന് സമീപമുളള റോഡില്‍ പാര്‍ക്കിങ് നിരോധനം ശക്തമാക്കിയതായി ആര്‍ ടി ഒ അറിയിച്ചു.
വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ദിവസം മൂന്നു തവണ ഇവിടെ മിന്നല്‍ പരിശോധന നടത്തുന്നുണ്ട്. പരിശോധനയില്‍ കണ്ടെത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് താക്കീത് നല്‍കുന്നുണ്ട്. രോഗികള്‍ക്ക് മാര്‍ഗതടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ പാര്‍ക്കിങ് നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.ആശുപത്രിയുടെ മുന്നില്‍ പ്രവേശനകവാടത്തിന് കുറുകെ അടക്കം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവായിരുന്നു. പ്രധാനമായും കാര്‍, ബൈക്ക്, ഓട്ടോറിക്ഷകള്‍ എന്നിവയാണ് നിര്‍ത്തിയിടുന്നത്. ആശുപത്രിയില്‍ എത്തുന്നവര്‍ മാത്രമല്ല, സമീപത്തെ കടകളിലും സ്ഥാപനങ്ങളിലും വരുന്നവര്‍ പോലും ആശുപത്രിയിലേക്കുള്ള വഴിയിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. വീതി കുറഞ്ഞ വഴിയില്‍ ഓട്ടോറിക്ഷകളും മറ്റും വെട്ടിത്തിരിക്കുന്നത് രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഗര്‍ഭിണികള്‍, കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍, രോഗികളായ കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരടക്കം നൂറുകണക്കിന് പേരാണ് ദിവസവും ആശുപത്രിയില്‍ എത്തുന്നത്. പരാതി ശക്തമായതിനെ തുടര്‍ന്ന്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ സി ജെ ആന്റണി പാര്‍ക്കിങ് നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആര്‍ ടി ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."