ശമ്പളമില്ലാതെ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ നാലാം വര്‍ഷത്തിലേക്ക്
കോഴിക്കോട്: കഴിഞ്ഞ മൂന്നു വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന തങ്ങളെ അധ്യാപക സംഘടനയും വഞ്ചിച്ചെന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍. 2014-15 അക്കാദമിക വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് ഈ ദുര്യോഗം. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി 3500 ലേറെ അധ്യാപകരാണ് പട്ടിണി കിടന്ന് പഠിപ്പിക്കേണ്ട അവസ്ഥയിലുള്ളത്. വിവിധ ഘട്ടങ്ങളിലായി സമരമുഖത്തിറങ്ങിയ ഇവരെ ഭരണ കക്ഷി അധ്യാപക സംഘടനയാണ് അവസാനമായി സഹായിക്കാമെന്നേറ്റ് മുന്നോട്ടു വന്നത്. എന്നാല്‍ കെ.എസ്.ടി.എ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാക്കുനല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.
ക്ലസ്റ്റര്‍ ബഹിഷ്‌കരണം, പരീക്ഷാ ബഹിഷ്‌കരണം തുടങ്ങി വിവിധ സമരമുറകളുമായി മുന്നോട്ടു പോവുകയായിരുന്നു ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍. ഇതിനിടെ സമരം ന്യായമാണെന്ന് പറഞ്ഞ് ഭരണകക്ഷി അധ്യാപക സംഘടനയായ കെ.എസ്.ടി.എ ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. പ്രശ്‌നത്തിന് സര്‍ക്കാര്‍ തീര്‍പ്പുണ്ടാക്കുന്നില്ലെങ്കില്‍ സംഘടന അത് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 24 നും ഈ വര്‍ഷം ഫെബ്രുവരിയിലും കെ.എസ്.ടി.എ ഉറപ്പു നല്‍കിയിരുന്നുവെന്നും ഇവര്‍ പറയുന്നു.
ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന അധ്യാപകര്‍ കെ.എന്‍.എച്ച്.എസ്.ടി.എ എന്ന സംഘടനയുടെ കീഴിലാണ് സമരത്തിനിറങ്ങിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് ആയിരത്തിലേറെ അധ്യാപകര്‍ ഹയര്‍സെക്കന്‍ഡറി ഡയരക്ടറേറ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ഇതിനിടെയാണ് കെ.എസ്.ടി.എ മാര്‍ച്ച് 31നുള്ളില്‍ സര്‍ക്കാറില്‍ നിന്ന് അനുകൂല ഉത്തരവുണ്ടാക്കാമെന്ന് വീണ്ടും വാക്കു നല്‍കിയതത്രെ. ഇതോടെ സമരത്തില്‍ നിന്ന് അധ്യാപകര്‍ പിന്‍മാറി. എന്നാല്‍ തങ്ങളുടെ പട്ടിണിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നാണ് അധ്യാപകര്‍ ഇപ്പോഴും പറയുന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ രജിസ്റ്ററില്‍ ഒപ്പിട്ട് ജോലി ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുമെന്ന് ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും അതിനും യാതൊരു ഉറപ്പുമില്ല.
ഏപ്രില്‍ അവസാനമെങ്കിലും എന്തെങ്കിലും തീരുമാനമുണ്ടായാലേ ജൂണില്‍ തങ്ങള്‍ക്ക് ഒപ്പിടാനുള്ള അവസരമെങ്കിലും ഉണ്ടാവുകയുള്ളൂവെന്ന് ഇവര്‍ പറയുന്നു. മൂന്ന് അക്കാദമിക വര്‍ഷങ്ങളായി നയാപൈസ പോലും ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നതിനാല്‍ ഭൂരിഭാഗം പേരുടെയും ജീവിതം പ്രയാസത്തിലായിരിക്കയാണ്. പലരും കൂലിപ്പണി ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് പോവുകയാണ്. നിയമനം നടന്ന ആദ്യ രണ്ടു വര്‍ഷം ഇവര്‍ക്ക് ഗസ്റ്റ് അധ്യാപകരുടെ നിരക്കില്‍ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇതും ആര്‍ക്കും ലഭിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് ആര്‍.ഡി.ഡി ഓഫിസുകളില്‍ നിന്ന് അനുകൂലമായ നീക്കങ്ങള്‍ ഉണ്ടായതുമില്ല. കഴിഞ്ഞ സര്‍ക്കാര്‍ മുന്നോട്ടു വച്ച പോലുള്ള നിര്‍ദേശങ്ങള്‍ പോലും പുതിയ ഭരണകൂടത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. തങ്ങളുടെ കാര്യം പരിഗണിക്കാന്‍ പോലും വിദ്യാഭ്യാസ മന്ത്രി തയാറാവുന്നില്ലെന്നും അധ്യാപകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."