ഖത്തർ വ്യോമാതിർത്തി അടച്ചു; സർവീസുകൾ വെട്ടിക്കുറച്ച് ഖത്തർ എയർവേയ്‌സ്
ദോഹ: ഖത്തർ വ്യോമാതിർത്തി അടച്ച സാഹചര്യത്തിൽ മാർച്ച് 18 മുതൽ 28 വരെ പരിമിതമായ സർവീസുകൾ മാത്രമേ നടത്തൂവെന്ന് ഖത്തർ എയർവേയ്‌സ്. നിലവിലെ പ്രതിസന്ധി മൂലം വിമാനങ്ങൾ റദ്ദാക്കപ്പെട്ട യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് എയർലൈൻ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വ്യോമാതിർത്തി വീണ്ടും തുറക്കുന്ന കാര്യത്തിൽ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചാലുടൻ പൂർണ്ണതോതിൽ സർവീസുകൾ പുനരാരംഭിക്കാൻ തയ്യാറാണെന്നും കമ്പനി അറിയിച്ചു.
യാത്രക്കാർ അറിയേണ്ട പ്രധാന കാര്യങ്ങൾ
ഷെഡ്യൂൾ പരിശോധിക്കുക: പുതുക്കിയ വിമാന ഷെഡ്യൂളുകൾ ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ലഭ്യമാണ്. സ്ഥിരീകരിച്ച ബുക്കിംഗ് ഉള്ള യാത്രക്കാരെ എയർലൈൻ നേരിട്ട് ബന്ധപ്പെടും.
വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ്: കയ്യിൽ ടിക്കറ്റും സ്ഥിരീകരിച്ച ബുക്കിംഗും ഇല്ലാത്ത യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് കർശന നിർദ്ദേശമുണ്ട്.
ടിക്കറ്റ് മാറ്റം: ഫെബ്രുവരി 28 നും മാർച്ച് 28 നും ഇടയിൽ യാത്ര നിശ്ചയിച്ചിരുന്നവർക്ക് ഏപ്രിൽ 30 വരെയുള്ള പുതിയ തീയതികളിലേക്ക് അധിക ചിലവില്ലാതെ രണ്ടുതവണ ടിക്കറ്റ് റീബുക്ക് ചെയ്യാം.
റീഫണ്ട്: യാത്ര വേണ്ടെന്ന് വെക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ ലഭിക്കുന്നതാണ്.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് വിമാന ഷെഡ്യൂളുകളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ ഔദ്യോഗിക ചാനലുകൾ വഴി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും ഖത്തർ എയർവേയ്‌സ് അഭ്യർത്ഥിച്ചു. പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായിരിക്കും പ്രഥമ പരിഗണനയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
qatar temporarily closed its airspace amid rising regional tensions, prompting qatar airways to reduce and reschedule several flight services while authorities closely monitor the security situation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."