'പവിഴ ദ്വീപിലെ കോഴിക്കോട്ടുകാര്‍' ഉദ്ഘാടന സംഗമം 'ഉത്സവ് കോഴിക്കോട് 2019' ബഹ്റൈനില്‍
മനാമ: കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈന്‍ എന്ന പേരിലുള്ള പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഔദ്യോഗിക ഉദ്ഘാടനം 'ഉത്സവ് കോഴിക്കോട് 2019' എന്നപേരില്‍ മാര്‍ച്ച് 8 വെള്ളിയാഴ്ച വൈകീട്ട് 6:30 ന് മനാമയിലെ അല്‍ റജാഹ് സ്കൂളില്‍വച്ച് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടകസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ സംഘാടകസമിതി ചെയര്‍മാനും, സയാനി മോട്ടോര്‍സ് ജനറല്‍ മാനേജരുമായ മുഹമ്മദ് സാക്കിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. ഒപ്പം ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവും കോഴിക്കോട് കാരനും അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ വിനോദിനെ ചടങ്ങില്‍ ആദരിക്കും. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സംഘടനകളുടെയും സഹകരണം പരിപാടിയില്‍ ഉണ്ടായിരിക്കുമെന്നും സമിതി കൂട്ടിച്ചേര്‍ത്തു.
ചടങ്ങിന് കലാപരമായ കൊഴുപ്പേകാന്‍ ചെണ്ടമേളം, കോല്‍ക്കളി, ഒപ്പന,കളരിപ്പയറ്റ്, നൃത്ത നൃത്യങ്ങള്‍ എന്നിവയ്ക്കു പുറമേ ദേശീയ അവാര്‍ഡ് ജേതാവായ ശ്രീമതി സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍, അഹമ്മദ് കബീര്‍ എന്നിവരുടെ പ്രകടനവും, സിനിമാ പിന്നണി ഗായകനും, പട്ടുറുമാല് ഫെയിമുമായ അജയ് ഗോപാല്‍, ശ്രീജിത്ത്, ദീപിക അനീഷ് ,എന്നിവരുടെ ഗാനമേളയും ഉണ്ടായിരിക്കും. ചടങ്ങില്‍വെച്ച് അംഗങ്ങളുടെ ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടക്കും. ഇതിനും പുറമെ കോഴിക്കോടിന്റെ തനത് വിഭവങ്ങള്‍, ഹല്‍വ ബസാര്‍ എന്നിവ സമ്മേളന നഗരിയില്‍ മുഖ്യ ആകര്‍ഷണമായിരിക്കും. കോഴിക്കോടിന്റെ ജീവിച്ചിരിക്കുന്നതും മണ്മറഞ്ഞതുമായ ചരിത്രപുരുഷന്മാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും സവിശേഷമായി ഒരുക്കിയിട്ടുണ്ട്.
ഒരുലക്ഷത്തോളം കോഴിക്കോട് ജില്ലക്കാര്‍ ബഹറൈനില്‍ ഉണ്ടെന്നാണ് കണക്ക്. അവരുടെ പ്രശ്നങ്ങള്‍ക്ക് സഹായകമാവുകയും അതോടൊപ്പം ജില്ലയുടെ ക്ഷേമത്തിനും പുരോഗതിക്കും പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ സംഘടന നിലവില്‍ വന്നതെന്നും, അംഗങ്ങളുടെ കലാ സാംസ്കാരിക സാഹിത്യ അഭിരുചികളെ പരിപോഷിപ്പിക്കുന്നതും ഈ സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായിരിക്കുമെന്നും പരിപാടിയിലേക്ക് മുഴുവന്‍ ആളുകളുടെയും സാന്നിധ്യവും സഹകരണവും ഉറപ്പു വരുത്തണമെന്നും സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."