'എന്റെ പണം നിരുപാധികം എടുത്ത് നിയമനടപടികള്‍ അവസാനിപ്പിക്കണം': കേന്ദ്രസര്‍ക്കാരിനോട് വിജയ് മല്യ
ന്യൂഡല്‍ഹി: വായ്പാ കുടിശ്ശികയുടെ 100 ശതമാനം തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാരിനോട് വീണ്ടും വിജയ് മല്യ. ബാങ്കില്‍ നിന്നും കടമെടുത്ത തുക പൂര്‍ണമായും തിരിച്ചടയ്ക്കാമെന്നും പകരം തനിക്കെതിരെയുള്ള നിയമനടപടികള്‍ അവസാനിപ്പിക്കണമെന്നുമാണ് മല്യ ആവശ്യപ്പെടുന്നത്.
കൊവിഡും ലോക്ക് ഡൗണും കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞ ദിവസം 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക പാക്കേജ് നല്‍കിയ സര്‍ക്കാരിനെ മല്യ അഭിനന്ദിച്ചു. സര്‍ക്കാരിന് ഇഷ്ടം പോലെ കറന്‍സി അടിക്കാമെന്നും പക്ഷേ തന്നെപ്പോലൊരു ചെറിയ ദാതാവിന്റെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നും മല്യ പറഞ്ഞു. തുടരെ ആവശ്യപ്പെട്ടിട്ടും ബാങ്ക് വായ്പ തിരിച്ചടക്കാന്‍ സമ്മതം തരാത്തത് എന്തുകൊണ്ടാണെന്നും മല്യ ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യം ചോദിച്ചിരിക്കുന്നത്.
'കൊവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. അവര്‍ക്ക് ആവശ്യമുള്ളത്ര കറന്‍സി അച്ചടിക്കാന്‍ കഴിയും. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് വായ്പകളുടെ 100% തിരിച്ചടവ് വാഗ്ദാനം ചെയ്യുന്ന എന്നെപ്പോലുള്ള ചെറിയയാളെ നിരന്തരം അവഗണിക്കണോ? എന്റെ പണം നിരുപാധികം എടുക്കുക' മല്യ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."