HOME
DETAILS
MAL
'ഇളവുകള്‍ പ്രഖ്യാപിക്കുന്നത് ദോഷം ചെയ്യുമെന്ന ഉപദേശം സ്വീകാര്യമല്ല'
backup
May 15 2020 | 04:05 AM
വാഷിങ്ടണ്‍: കൊവിഡ് പടര്‍ന്നുപിടിക്കുന്ന അമേരിക്കയില്‍ സാമ്പത്തിക രംഗത്തടക്കം പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ നിലവില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനെ എതിര്‍ത്ത ആരോഗ്യവിദഗ്ധന്‍ അന്തോണി ഫോക്കിയുടെ നിലപാടിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഫോക്കിയുടെ ഈ ഉപദേശം സ്വീകാര്യമല്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. കൊവിഡ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് കൂടുതല്‍ ദുരിതം ക്ഷണിച്ചുവരുത്തുമെന്നായിരുന്നു അമേരിക്കയുടെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷസ് ഡിസീസസ് തലവനായ അന്തോണി ഫോക്കി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇത് രാജ്യത്തെ സാമ്പത്തികപരമായും അല്ലാതെയും പിന്നോട്ടടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയാണ് ട്രംപിനെ ചൊടിപ്പിച്ചത്. നേരത്തേതന്നെ, ഇളവുകള്‍ പിന്‍വലിക്കണമെന്ന അഭിപ്രായക്കാരനാണ് ട്രംപ്. ഫോക്കിയുടെ ഈ പ്രസ്താവ പുറത്തുവന്നതോടെ അദ്ദേഹം അതിനെ എതിര്‍ത്ത് രംഗത്തെത്തുകയായിരുന്നു.
തന്നെ സംബന്ധിച്ച് അത് സ്വീകാര്യമല്ലെന്നായിരുന്നു ഫോക്കിയുടെ ഉപദേശത്തോട് ട്രംപിന്റെ പ്രതികരണം. സ്‌കൂളുകളും അടച്ചിടണമെന്ന ഫോക്കിയുടെ ഉപദേശത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.
ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലടക്കം വിവിധ രാജ്യങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു. ഈ പ്രതിഷേധക്കാരെ പിന്തുണച്ചായിരുന്നു ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നത്.
അമേരിക്കയില്‍ നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ട്രംപിന്റെ തലതിരിഞ്ഞ നടപടികളാണ് രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്നതെന്ന ആരോപണവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ളവര്‍ രംഗത്തെത്തിയത് ട്രംപിന് തിരിച്ചടിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."