ബെഹ്റയുടേതെന്ന് കരുതി പൊലിസ് കോലം തട്ടിയെടുത്ത് ഓടി; പിന്നാലെ കെ.എസ്.യു പ്രവര്‍ത്തകരും
കൊച്ചി: ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ കോലവുമായി അദ്ദേഹത്തിന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരില്‍ നിന്ന് കോലം പിടിച്ചു വാങ്ങി പൊലിസുകാര്‍ ഓടിയത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ ഉച്ചയോടെ നഗരത്തിലെ ഐ.ജി ഓഫിസിന് മുന്നിലായിരുന്നു സംഭവം.
ജിഷ്ണു പ്രണോയിയുടെ മരണത്തിനുത്തരവാദികളായ പ്രതികളെ സംരക്ഷിക്കുന്നു എന്നാരോപിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് (ഡി.ജി.പി)ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ മറൈന്‍ഡ്രൈവിലെ ഐ.ജി ഓഫിസിനു മുന്നില്‍ പൊലിസ് തടഞ്ഞു. ഡി.ജി.പി എന്നെഴുതിയ കോലം കത്തിക്കാന്‍ തുടങ്ങുമ്പോഴേക്ക് ഒരു സംഘം പൊലിസുകാര്‍ എത്തി കോലം പിടിച്ചു വാങ്ങുകയായിരുന്നു.
തുടര്‍ന്ന് കോലത്തിനായി പ്രവര്‍ത്തകരും പൊലിസും തമ്മില്‍ പിടിവലിയായി. കോലം തിരികെ തരാതെ പിരിഞ്ഞു പോകില്ലെന്ന് പ്രവര്‍ത്തകര്‍ നിലപാടെടുത്തതോടെ കോലവുമായി പൊലിസുകാര്‍ ഓടി. പിന്നാലെ പ്രവര്‍ത്തകരും. കോലവുമായി പൊലിസ് വാഹനത്തിനുള്ളില്‍ കയറി ഒളിച്ചു. ഇതോടെ കെ.എസ്.യു പ്രവര്‍ത്തകരും നിലപാട് കടുപ്പിച്ചു.
കോലം കത്തിക്കാന്‍ അനുവദിക്കാതെ പിരിഞ്ഞുപോകുകയില്ലെന്നായി പ്രതിഷേധക്കാര്‍. തുടര്‍ന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചു.
സ്റ്റേഷനിലും പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം തുടര്‍ന്നതോടെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലിസായ (ഡി.ജി.പി )ലോക്നാഥ് ബെഹ്റയുടെ കോലമാണെന്ന് തെറ്റിദ്ധരിച്ചാണ് കോലവുമായി ഓടിയതെന്നും അബദ്ധം പറ്റിയതാണെന്നും പൊലിസുകാര്‍ വെളിപ്പെടുത്തിയത്. ഇതോടെ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ച് പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."