വിധി നിര്‍ണയിക്കുക പ്രാദേശിക സഖ്യങ്ങള്‍; കൈകോര്‍ത്താല്‍ കോണ്‍ഗ്രസ് വരും
ന്യൂഡല്‍ഹി: മതേതര സമൂഹത്തിന്റെ പ്രതീക്ഷയുടെ വലിയൊരു ഭാരം പേറിയാണ് കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. മോദിയെ നേരിടാന്‍ കഴിയുന്ന നേതാവായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ വളരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ കൗശലങ്ങളോട് പോരാടാന്‍ അതുമാത്രം മതിയാകില്ലെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ രൂപീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴും ബി.ജെ.പിക്ക് പിന്നിലാണ്. തങ്ങള്‍ക്കു ശക്തികുറഞ്ഞ മേഖലകളില്‍ എന്തുവിട്ടുകൊടുത്തും ബി.ജെ.പി സഖ്യത്തിന് തയാറാണ്. എന്നാല്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, അസം എന്നിവിടങ്ങളില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. ബി.ജെ.പിയാകട്ടെ 282 സീറ്റുകള്‍ നേടി. 2009ലേക്കാള്‍ കുറഞ്ഞ സീറ്റുകളിലാണ് ബി.ജെ.പി 2014ല്‍ മത്സരിച്ചത്. പ്രാദേശിക സഖ്യങ്ങളായിരുന്നു ബി.ജെ.പിയുടെ ശക്തി. കുറഞ്ഞ സീറ്റുകളും കൂടുതല്‍ വിജയവും എന്നതായിരുന്നു ബി.ജെ.പിയുടെ തന്ത്രം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇനിയും മുന്നേറാനുണ്ട്. ബിഹാറില്‍ ജനതാദള്‍ യുനൈറ്റഡിനും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കും കഴിഞ്ഞ തവണ വിജയിച്ച സീറ്റുകള്‍ പോലും വിട്ടുകൊടുത്താണ് ബി.ജെ.പി സഖ്യമുണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന് ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുമായും തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായും കര്‍ണാടകയില്‍ ജെ.ഡി.എസുമായും സഖ്യമുണ്ട്. മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായും സഖ്യം വരും.
കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് രൂപീകരിച്ച മഹാസഖ്യത്തിലെ പ്രധാന പാര്‍ട്ടികള്‍ സമാജ്‌വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസുമെല്ലാമാണ്. എന്നാല്‍ സംസ്ഥാനങ്ങളില്‍ ഇവര്‍ തമ്മില്‍ സഖ്യമില്ല. ബംഗാളില്‍ തൃണമൂലുമായല്ല, തൃണമൂലിന്റെ എതിരാളികളായ ഇടതുപക്ഷവുമായാണ് കോണ്‍ഗ്രസിന് സഖ്യം. ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം മഹാസഖ്യത്തിന്റെ വേദികളിലേയുള്ളൂ. ആംആദ്മി താല്‍പര്യമെടുത്തിട്ടും ഡല്‍ഹിയിലോ പഞ്ചാബിലോ സഖ്യമില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും തമ്മില്‍ സഖ്യമുണ്ടെങ്കിലും കോണ്‍ഗ്രസ് പുറത്താണ്. ഏതു സാഹചര്യത്തിലും കോണ്‍ഗ്രസ് വിജയിക്കുന്ന രണ്ടു മണ്ഡലങ്ങളെ 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശിലുള്ളൂ, സോണിയാഗാന്ധിയുടെ റായ്ബറേലിയും രാഹുല്‍ ഗാന്ധിയുടെ അമേത്തിയും.
ബ്രാഹ്മിണ്‍, താക്കൂര്‍, കുര്‍മി, ദലിത്, മുസ്‌ലിം വിഭാഗങ്ങളില്‍നിന്ന് ശക്തരായ സ്ഥാനാര്‍ഥിയെ കണ്ടെത്തിയാല്‍ വിജയിക്കാവുന്ന മറ്റ് 12 സീറ്റുകളുമുണ്ട്. എന്നാല്‍ ബി.ജെ.പിക്ക് ജയിക്കാന്‍ ശേഷിയുള്ളതാണ് ബാക്കിയുള്ളതില്‍ ഭൂരിഭാഗം സീറ്റുകളും. ഈ സീറ്റുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 ശതമാനം വരെയാണ് കോണ്‍ഗ്രസ് വോട്ട് നേടിയത്. ഡല്‍ഹിയിലെ ഏഴു സീറ്റുകളിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. ഒരു സീറ്റില്‍ പോലും ആംആദ്മിയുമായി സഖ്യമില്ലാതെ കോണ്‍ഗ്രസിന് ജയിക്കാനാകില്ല. അസമില്‍ കോണ്‍ഗ്രസും അസം ഗണപരിഷത്തും എ.യു.ഡി.എഫും ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചാല്‍ ബി.ജെ.പിക്കാകും നേട്ടം. അസംഗണപരിഷത്തുമായി സഖ്യമുണ്ടാക്കിയാല്‍ 14ല്‍ 10 സീറ്റെങ്കിലും ജയിക്കാം.
ആകെ 180 സീറ്റെങ്കിലും നേടിയാല്‍ ബി.ജെ.പിയാകും അടുത്ത സര്‍ക്കാരുണ്ടാക്കുകയെന്ന് ഉറപ്പാണ്. 2004ല്‍ 160 സീറ്റു നേടിയ കോണ്‍ഗ്രസാണ് 150 സീറ്റ് ബി.ജെ.പിക്കുണ്ടായിട്ടും സര്‍ക്കാരുണ്ടാക്കിയത്. സഖ്യങ്ങളായിരുന്നു അന്ന് കോണ്‍ഗ്രസിന്റെ ശക്തി. 30ല്‍ താഴെ സീറ്റുകളുടെ കുറവാകും കോണ്‍ഗ്രസിനോ ബി.ജെ.പിക്കോ അധികാരം നഷ്ടപ്പെടുത്തുക. പ്രാദേശിക സഖ്യങ്ങളിലൂടെ അതു കണ്ടെത്താന്‍ കഴിയുന്നിടത്തായിരിക്കും കോണ്‍ഗ്രസിന്റെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."