എം.എല്‍.എ യുവാവിനെ മര്‍ദിച്ച കേസ് ഒത്തുതീര്‍പ്പായി
കൊല്ലം: കോടതിയില്‍ രഹസ്യമൊഴിവരെയെത്തിയ എം.എല്‍.എ മര്‍ദിച്ചെന്ന വിവാദ കേസ് ഒടുവില്‍ ഒത്തുതീര്‍പ്പായി. കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് അഞ്ചലില്‍ യുവാവിനെ മര്‍ദിക്കുകയും മാതാവിനെ അസഭ്യം പറയുകയും അശ്ലീല ചേഷ്ടകള്‍ കാട്ടിയെന്നുമുള്ള പരാതിയില്‍ ഒത്തുതീര്‍പ്പിന് അവസരമൊരുങ്ങിയതോടെ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ കേസില്‍പ്പെടാതെ രക്ഷപ്പെട്ടു.
ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത് ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ എന്‍.എസ്.എസ് പ്രാദേശിക നേതൃത്വമായിരുന്നു. ഇന്നലെ വൈകിട്ട് പുനലൂര്‍ എന്‍.എസ്.എസ് യുനിയന്‍ ഓഫിസില്‍ നടത്തിയ ചര്‍ച്ചയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് ഇരുകൂട്ടരും സമ്മതിച്ചു. മാധ്യമങ്ങളോട് ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തില്ലെന്നും ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. ഇന്നുതന്നെ പരാതിയില്ലെന്ന് ഇരുകൂട്ടരും അഞ്ചല്‍ പൊലിസിനെ അറിയിക്കും. ആദ്യം ചര്‍ച്ച നിശ്ചയിച്ചത് വാളകത്തെ ആര്‍ ബാലകൃഷ്ണപിള്ളയുടെ വീട്ടിലായിരുന്നു. എന്നാല്‍ മാധ്യമങ്ങളുടെ ശ്രദ്ധതിരിക്കാന്‍ പിന്നീട് ചര്‍ച്ചാവേദി മാറ്റുകയായിരുന്നു.20 മിനിറ്റ് നടത്തിയ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ ബാലകൃഷ്ണപിള്ളയും ഗണേഷും പ്രതികരിക്കാന്‍ തയാറായില്ല.
സംഭവം നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ എന്‍.എസ്.എസിന്റെ പ്രാദേശിക നേതാക്കള്‍ ഒത്തുതീര്‍പ്പിനായി ഷീനയെ കണ്ടിരുന്നു. ഷീനയുടെ ഭര്‍ത്താവ് വിദേശത്തുനിന്നും എത്തിയതിന് ശേഷമായിരുന്നു ചര്‍ച്ചകള്‍ സജീവമായത്. അനന്തകൃഷ്ണന് വിദേശത്ത് പോകുന്നതിന് കേസ് ഒഴിവാക്കണമെന്ന ആവശ്യവും ബന്ധുക്കള്‍ മുന്നോട്ടുവച്ചു. ഒത്തുതീര്‍ക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകുമെന്ന് ഗണേഷ്‌കുമാറിന്റെ അനുയായികള്‍ അറിയിച്ചതോടെ കുടുംബം സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. കൊച്ചിയില്‍ നടക്കുന്ന അമ്മയുടെ യോഗത്തിന് ശേഷമാണ് ഗണേഷ്‌കുമാര്‍ പുനലൂരിലെത്തിയത്. ഷീനയുടെ പിതൃസഹോദരന്‍മാര്‍ ചെങ്ങന്നൂരില്‍ നിന്നും എത്തിയിരുന്നു. പരാതി ഒത്ത് തീര്‍ക്കുന്ന സാഹചര്യത്തില്‍ ഷീനയുടെ മൊഴിയെടുത്ത് കോടതിയെ അറിയിക്കാനാണ് പൊലീസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."