ദിലീപിനെ 'അമ്മ' തിരിച്ചെടുക്കും മോഹന്‍ലാല്‍ പ്രസിഡന്റ്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ 'അമ്മ'യില്‍നിന്നു പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുത്തു. ഇന്നലെ കൊച്ചിയില്‍ നടന്ന 'അമ്മ' വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റേതാണ് തീരുമാനം.
ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്കു വിരുദ്ധമായാണെന്നു ചൂണ്ടിക്കാട്ടിയാണ് മുന്‍ തീരുമാനം പിന്‍വലിച്ചത്. തീരുമാനം സാങ്കേതികമായി നിലനില്‍ക്കില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അജണ്ടയില്‍ ഇല്ലാതിരുന്നിട്ടും വിഷയം ഉന്നയിച്ചത് നടി ഊര്‍മിളാഉണ്ണിയായിരുന്നു. ഇതേതുടര്‍ന്ന് മുന്‍ തീരുമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തി. അന്നത്തെ പ്രത്യേക സാഹചര്യത്തിലാണ് ദിലീപിനെ പുറത്താക്കിയത്. സംഘടനയുടെ നിയമാവലി അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പുറത്താക്കുന്ന കാര്യത്തില്‍ സ്വീകരിച്ചില്ല. ദിലീപിന്റെ വിശദീകരണംപോലും തേടാതെ അത്തരമൊരു നടപടി സ്വീകരിച്ചത് തെറ്റായിപ്പോയെന്നും ഇടവേള ബാബു പറഞ്ഞു. വനിതാ താരങ്ങളും ഇതിനെ ശക്തമായി പിന്തുണച്ചു. ദിലീപിനോട് കാട്ടിയത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് നടന്‍ സിദ്ദിഖും കുറ്റപ്പെടുത്തി. ഇത്തരത്തില്‍ ദിലീപിന് അനുകൂലമായി ഭൂരിഭാഗംപേരും നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് ദിലീപിന്റെ തിരിച്ചുവരവിന് കളമൊരുങ്ങിയത്.
അതേസമയം, നേരത്തേ ദിലീപിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച നടന്മാരായ പൃഥ്വി രാജ്, നിവിന്‍ പോളി, ടൊവിനോ തോമസ്, എന്നിവരും നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം രൂപീകരിക്കപ്പെട്ട വിമെന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി) സംഘടനയിലെ അംഗങ്ങളും പുതിയ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന് എത്തിയില്ല.
17 വര്‍ഷം സംഘടനയെ നയിച്ച ഇന്നസെന്റിനു പകരമായാണ് മോഹന്‍ലാല്‍ പ്രസിഡന്റ് ആകുന്നത്. വൈസ് പ്രസിഡന്റുമാരായി കെ.ബി ഗണേഷ്‌കുമാറും മുകേഷും ചുമതലയേറ്റു. ട്രഷറര്‍ സ്ഥാനത്തേക്ക് ജഗദീഷ് മടങ്ങിയെത്തി. വനിതാ പ്രതിനിധികളായി ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, ഉണ്ണി ശിവപാല്‍, ഹണി റോസ് എന്നിവര്‍ പുതിയ എക്‌സിക്യൂട്ടീവില്‍ അംഗങ്ങളായി. ഇന്ദ്രന്‍സ്, ടിനി ടോം, സുധീര്‍ കരമന തുടങ്ങിയവരും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗങ്ങളാണ്.
പഴയ അംഗങ്ങളില്‍ ആസിഫ് അലി തുടരും. മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച ജനറല്‍ ബോഡിയോഗത്തിലെ നടപടി ക്രമങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."