എസ്.പി.സി സമ്മര്‍ ട്രെയിനിങ് ക്യാംപ് 26 മുതല്‍
കോഴിക്കോട്: സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകള്‍ക്കുള്ള ജില്ലാ തല സമ്മര്‍ ട്രെയിനിങ് ക്യാംപ് 26 മുതല്‍ 30വരെ കാരന്തൂര്‍ മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഇത്തവണ ഒന്‍പതാം തരം കഴിയുന്നതും സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയതുമായ വിദ്യാര്‍ഥികള്‍ ക്യാംപില്‍ പങ്കെടുക്കും. നഗരത്തിലെ 23 സ്‌കൂളില്‍ നിന്നായി 1024 വിദ്യാര്‍ഥികള്‍ ക്യാംപിലുണ്ടാകും. ഓരോ സ്‌കൂളില്‍നിന്നു 44 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. കൂടാതെ ക്യാംപില്‍ സഹായിക്കാനായി ഓരോ സ്‌കൂളില്‍ നിന്നു പി.ടി.എ അംഗങ്ങളായ ആറുപേരും എത്തും. 3,50,000 രൂപയാണ് ക്യാംപിനായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
26ന് രാവിലെ 10 പത്തിന് നടക്കുന്ന ഫഌഗ് ഓഫ് പരിപാടിയോടെയാണ് ക്യാംപ് ആരംഭിക്കുന്നത്. പൊലിസിന്റെ കായികക്ഷമതാ പരിശീലനത്തിന്റെ ഭാഗമായി കളരി, കാരാട്ടേ, യോഗ, ജൂഡോ, ക്രോസ് കണ്‍ട്രി എന്നിവ നടത്തും.
ആര്‍.ടി.ഒയുടേയും ട്രാഫിക് പൊലിസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി ശുഭയാത്രയും സംഘടിപ്പിക്കും. ക്യാംപിനോടനുബന്ധിച്ച് എല്ലാ ദിവസവും രാത്രിയില്‍ കലാപരിപാടികളും നടക്കും. കേഡറ്റുകള്‍ക്കുള്ള ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങളെല്ലാം ക്യാംപില്‍ സജ്ജമാക്കും.
ക്യാംപ് സംഘടിപ്പിക്കുന്നതിനോടനുബന്ധിച്ച് ഇന്ന് വൈകിട്ട് മൂന്നിന് മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സെക്കന്‍ഡറി സ്‌കൂളില്‍ സ്വാഗതസംഘം യോഗം ചേരാന്‍ തീരുമാനിച്ചു.
ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം ടി. ജെനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പി.ബി രാജീവ്, വെള്ളിമാടുകുന്ന് ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ കെ.പി ബാബുരാജ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. സനല്‍കുമാര്‍, എസ്.ഐ ഇ.കെ മോഹനന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."