മദീന സ്‌ഫോടനം: പിന്നില്‍ ഇറാനെന്ന സൂചന നല്‍കി സേനാ തലവന്‍
ദമ്മാം: റമദാന്‍ അവസാന നാളുകളില്‍ മദീനയിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഇറാനാണെന്നു സൂചന നല്‍കി സഊദിയിലെ തീവ്രവാദ വിരുദ്ധ സേനാ തലവന്‍. സഊദി തീവ്രവാദ വിരുദ്ധ സേനാ തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ ബസ്സാം അതിയ്യയാണ് മക്ക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതു സംബന്ധിച്ച സൂചന നല്‍കിയത്. പ്രവാചക നഗരിയില്‍ സമാധാനം നഷ്ടപ്പെടുത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിന് ഇറാനു മാത്രമേ ലക്ഷ്യമുള്ളൂവെന്നാണ് അദ്ദേഹം അഭിമുഖത്തില്‍ സൂചിപ്പിച്ചത്.
രാജ്യത്ത് പൂര്‍ണ്ണമായും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഐ.എസ് നടത്തുന്നത്. എന്നാല്‍ മക്കയിലെയും മദീനയിലെയും പുണ്യ ഭൂമികള്‍ എപ്പോഴും ലക്ഷ്യം വെക്കുന്നത് ഇറാന്‍ മാത്രമാണ്. ഇതിനു മുന്‍ കാലങ്ങളില്‍ നടന്ന സംഭവങ്ങള്‍ തെളിവാണെന്നും അല്‍ അഖ്‌റബിയ്യ സഊദി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. മദീനയിലെയും രാജ്യത്തെ മറ്റു രണ്ടു നഗരങ്ങളിലും ഒരേ ദിവസം നടന്ന സ്‌ഫോടനങ്ങള്‍ ഏറെ വേദനയുളവാക്കിയെങ്കിലും സഊദി സുരക്ഷാ സേനക്ക് ഐ.എസിനെ ഉന്‍മൂലനം ചെയ്യാന്‍ ഇത് കൂടുതല്‍ കരുത്തു പകര്‍ന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലു പതിറ്റാണ്ടായി ഹജ്ജ് ഉംറ തീര്‍ത്ഥാടകരെയും പുണ്യഭൂമികളെയും ലക്ഷ്യം വെച്ചാണ് ഇറാന്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായി രാജ്യത്ത് പല വിരുദ്ധ പ്രവര്‍ത്തനവും ഇറാന്‍ നടത്തുകയുണ്ടായി. ഇപ്പോള്‍ വിദേശികളെ ഉപയോഗിക്കുകയാണ് ദുശക്തികളെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."