സ്വന്തം പുര കത്തുമ്പോള്‍ മനക്കോട്ട കെട്ടിയിരിക്കാമോ?
പ്രധാനമന്ത്രി നരേന്ദ്രമോദി 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതിനു നാലുനാള്‍ മുമ്പാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ പതിനാറു അതിഥിത്തൊഴിലാളികള്‍ ട്രെയിനിടിച്ചു മരിച്ചത്. രാജ്യം കൊട്ടിയടയ്ക്കപ്പെട്ട അന്നു മുതല്‍ പണിയില്ലാതെ, വരുമാനമേതുമില്ലാതെ, സ്വന്തം നാട്ടിലോ സംസ്ഥാനത്തോ അല്ലാതെ, രോഗം പിടിപെടാതെ ഒന്നു മാറിയിരിക്കാന്‍ ഇടമില്ലാതെ നരകയാതന അനുഭവിച്ച അനേകലക്ഷങ്ങളില്‍ പെട്ടവരായിരുന്നു ജീവന്‍ നഷ്ടപ്പെട്ട ആ ഹതഭാഗ്യര്‍. എങ്ങനെയെങ്കിലും ഉറ്റവര്‍ക്കടുത്ത് എത്തണമെന്ന വ്യഗ്രതക്കിടയിലാണ് അവര്‍ 'കൊല്ലപ്പെട്ടത്.'
രാജ്യത്തു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നൂറുകണക്കിനു കിലോമീറ്റര്‍ അകലെയുള്ള സ്വദേശത്ത് എത്തിച്ചേരാന്‍ അവരെപ്പോലുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് അസാധ്യമായിരുന്നു. ലോക്ക്ഡൗണിന്റെ ആദ്യ രണ്ടുഘട്ടങ്ങളില്‍ സംസ്ഥാനാതിര്‍ത്തികള്‍ അടച്ചതായിരുന്നു പ്രശ്‌നം. മൂന്നാംഘട്ടത്തില്‍ പാസുണ്ടെങ്കില്‍ അതിര്‍ത്തി കടക്കാമെന്ന ഇളവുണ്ടായെങ്കിലും പൊതുവാഹനമില്ലാത്തതായി പ്രശ്‌നം. വാടകയ്ക്കു വാഹനം പിടിച്ചുപോകാനോ റെയില്‍വേയുടെ പ്രത്യേക തീവണ്ടികളില്‍ പോകാനോ അവരില്‍ ബഹുഭൂരിപക്ഷത്തിന്റെ കൈയിലും പണമുണ്ടായിരുന്നില്ല.
അങ്ങനെയാണ്, മഹാരാഷ്ട്രയിലെ ജല്‍നയില്‍ നിന്നു മധ്യപ്രദേശിലെ ഭുവാസയിലേയ്ക്കു നിര്‍ധനരായ ഇരുപതു തൊഴിലാളികള്‍ കാല്‍നടയാത്ര ആരംഭിച്ചത്. കൊടിയ വെയിലും വിശപ്പും ദാഹവും സഹിച്ചുള്ള ആ അനന്തമായ യാത്രയ്ക്കിടയില്‍ തളര്‍ച്ച മാറ്റാന്‍ ഇത്തിരി നേരം റെയില്‍ പാളത്തില്‍ തലചായ്ച്ചപ്പോഴാണ് വണ്ടിച്ചക്രങ്ങള്‍ അവരുടെ ശരീരം പിച്ചിച്ചീന്തി പാഞ്ഞുപോയത്. അന്യദേശങ്ങളില്‍ ഗതികെട്ടു കഴിയുന്നവരെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ ഭരണകൂടം തയാറായിരുന്നെങ്കില്‍ ആ ഇരുപതു തൊഴിലാളികളില്‍ പതിനാറു പേര്‍ക്കു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു.
റെയില്‍പ്പാളത്തിലൂടെയുള്ള കൂട്ടപ്പലായനത്തിനിടയില്‍ 'കൊല്ല'പ്പെട്ടതു പതിനാറു പേര്‍ മാത്രമാണെങ്കിലും മറ്റൊരു രക്ഷയുമില്ലാതെ അത്തരത്തിലുള്ള ദുരിതപ്പലായനം നടത്താന്‍ നിര്‍ബന്ധിതരായവര്‍ ആയിരക്കണക്കിനുണ്ട്. ഇപ്പോഴും അത് ഈ ഇന്ത്യാ മഹാരാജ്യത്തു സംഭവിച്ചുകൊണ്ടിരിക്കുന്നു. ദരിദ്രവാസികള്‍ അങ്ങനെ റെയില്‍പ്പാളത്തിലൂടെ നടന്നു വീണ്ടും ദുരന്തമാവര്‍ത്തിച്ചു തങ്ങളുടെ ഭരണത്തിനു നാണക്കേടുണ്ടാക്കുമെന്നു ഭയന്നായിരിക്കണമല്ലോ അതനുവദിക്കില്ലെന്ന പ്രഖ്യാപനമുണ്ടായത്.
ദരിദ്രരുടെ കാല്‍നട പലായനവുമായി ബന്ധപ്പെട്ടു സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ രാജ്യത്തെ പരമോന്നത നീതിപീഠം നല്‍കിയ ഉത്തരവ് ഭരണകര്‍ത്താക്കളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. 'കാല്‍നടപ്പലായനം നടത്തുന്നതു തടയാന്‍ നീതിപീഠത്തിനു കഴിയില്ല. അക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതു ഭരണകൂടമാണ് ' എന്നായിരുന്നു സുപ്രിം കോടതി ഉത്തരവ്.
നാട്ടിലെത്താന്‍ നടന്നുപോകുന്നവരെ അറസ്റ്റ് ചെയ്തു തടങ്കലില്‍ ഇടണമെന്നല്ല കോടതി പറഞ്ഞതെന്നു വ്യക്തം. അവരെ നാട്ടിലെത്തിക്കാനുള്ള സംവിധാനം ഭരണകൂടം ഒരുക്കണമെന്നാണ് ഉത്തരവിന്റെ അര്‍ഥം. 20 ലക്ഷം കോടി രൂപയുടെ 'പാക്കേജ് തള്ള് ' നടത്തുന്ന സമയത്ത് അതിന്റെ കോടിയിലൊരു ഭാഗം പോലും വേണ്ടല്ലോ ഇന്ത്യയിലെ മുഴുവന്‍ ദരിദ്രനാരായണന്മാരെയും സൗജന്യമായി നാട്ടിലെത്തിക്കാനും അവര്‍ക്കെല്ലാം കൊവിഡ് ഭീതി മുക്തമായ ജീവിതാന്തരീക്ഷമൊരുക്കാനും.
20 ലക്ഷം കോടിയുടെ 'സ്വപ്ന പാക്കേജ് 'പ്രഖ്യാപിക്കുന്നതിന്റെ ആമുഖമായി പ്രധാനമന്ത്രി പറഞ്ഞ ചില അവകാശവാദങ്ങള്‍ ഇവിടെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. നോട്ടുനിരോധന പ്രസംഗത്തിലെ അവകാശവാദങ്ങള്‍ പോലെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടവയാണവ.
'കൊവിഡിനെ പ്രതിരോധിക്കാന്‍ ലോകം മുഴുവന്‍ ആശ്രയിക്കുന്നത് ഇന്ത്യയുടെ മരുന്നാണ് ' എന്നായിരുന്നു ഒരു അവകാശവാദം. കൊവിഡ് - 19 എന്നറിയപ്പെടുന്ന രോഗത്തിന് ഇതുവരെ പ്രത്യൗഷധം കണ്ടുപിടിച്ചിട്ടില്ലെന്നതു ശാസ്ത്രലോകം തുറന്നു സമ്മതിച്ച യാഥാര്‍ഥ്യമാണ്. അതേസമയം, ഒട്ടുമിക്ക രാജ്യങ്ങളിലും ശാസ്ത്രജ്ഞന്മാര്‍ പ്രത്യൗഷധം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. ഓക്‌സ്ഫഡ് സര്‍വകലാശാലയിലുള്‍പ്പെടെ ആശാവഹമായ പുരോഗതി ഉണ്ടായിട്ടുമുണ്ട്. എന്നിട്ടും ബ്രിട്ടിഷ് പ്രധാനമന്ത്രിയുള്‍പ്പെടെ ആരും കൊവിഡില്‍ നിന്നുള്ള രക്ഷകരായി ലോകം 'ഞങ്ങളെ'യാണു പ്രതീക്ഷയോടെ നോക്കുന്നതെന്നു പറഞ്ഞിട്ടില്ല.
കൊവിഡിനെ കീഴടക്കിയ മഹത്വം നമ്മുടെ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന ദിവസം അതുമായി കൂട്ടി വായിക്കേണ്ട മറ്റൊരു വാര്‍ത്തയുണ്ടായിരുന്നു. ലോകത്ത് ആദ്യമായി കൊവിഡ് കൂട്ടമരണം വിതച്ച ചൈനയെയും കടത്തിവെട്ടുന്ന വേഗതയിലാണ് ഇന്ത്യയിലെ കൊവിഡ് വ്യാപനമെന്നതായിരുന്നു ആ വാര്‍ത്ത. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നു മൂന്നാംനാള്‍ അതു സംഭവിക്കുകയും ചെയ്തു. മെയ് 15 വരെയുള്ള ചൈനയിലെ കൊവിഡ് വ്യാപനം 82874. ഇന്ത്യയിലേത് 85546. ലോകതലത്തില്‍ കൊവിഡ് വ്യാപനത്തില്‍ പതിനൊന്നാമതാണ് ഇന്ത്യ.
മറ്റു രാജ്യങ്ങള്‍ മാതൃകയാക്കേണ്ടത് ഇന്ത്യയെയല്ലെന്നു സത്യസന്ധമായി കാര്യങ്ങള്‍ വിലയിരുത്തുന്നവര്‍ക്കു പറയേണ്ടി വരില്ലേ. വുഹാനില്‍ ഓര്‍ക്കാപ്പുറത്തൊരു മഹാമാരിയുണ്ടായപ്പോള്‍ ആയിരക്കണക്കിനു ആളുകള്‍ മരിച്ചുവെന്നതു സത്യം. ഉടനടി അവര്‍ ചെയ്തതു ആ രോഗം രാജ്യത്തിന്റെ മറ്റിടങ്ങളിലേയ്ക്കു വ്യാപിക്കാതിരിക്കാനുള്ള നടപടിയെടുക്കലായിരുന്നു. വുഹാനില്‍ കൊവിഡ് ചികിത്സയ്ക്കായി അത്യാധുനിക ആശുപത്രി ദിവസങ്ങള്‍ക്കുള്ളിലാണു കെട്ടിപ്പടുത്തത്.
ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയതു മാര്‍ച്ച് 25 നാണ്. കൊവിഡ് വ്യാപനം ആയിരം കടക്കുന്നതും പതിനായിരത്തിനപ്പുറത്തേയ്ക്കു പെരുകുന്നതും അതു മുതലാണ്. ഒന്നാം ലോക്ക്ഡൗണില്‍ കൊവിഡിനെ പിടിച്ചുകെട്ടാമെന്ന മോഹം നടന്നില്ല. രണ്ടും മൂന്നും കഴിഞ്ഞിട്ടും രോഗം അതിവേഗം പെരുകുകയാണ്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? ഉത്തരം വ്യക്തമാണ്, കൊവിഡിന്റെ സാമൂഹ്യവ്യാപനം തടയാന്‍ ഒരിക്കലും കഴിയാത്തത്ര ദയനീയമായ ചുറ്റുപാടിലാണ് ഇന്ത്യയിലെ കോടിക്കണക്കിനു ദരിദ്രജനത ജീവിക്കുന്നത്. വെറുമൊരു ചെറ്റക്കുടിലില്‍ എട്ടും പത്തും പേര്‍ കഴിഞ്ഞുകൂടുമ്പോള്‍ സാമൂഹിക അകലത്തിന്റെ തത്വശാസ്ത്രം നിഷ്ഫലമാകും.
എന്തുകൊണ്ടു മുംബൈയില്‍ കൊവിഡ് ഭ്രാന്തമായി പടര്‍ന്നുപിടിക്കുന്നു? അവിടെ നോക്കെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ചെറ്റക്കുടിലുകള്‍ നിറഞ്ഞ ധാരാവിയുണ്ട്, അതിനേക്കാള്‍ കഷ്ടതയാര്‍ന്ന ഒട്ടേറെ ചേരിപ്രദേശങ്ങളുണ്ട്. ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളില്‍ കുന്നുകൂടിക്കിടക്കുന്ന അനേകായിരം മനുഷ്യക്കോലങ്ങളുണ്ട്. ഈ അവസ്ഥ മാറ്റുന്നതിനായിരുന്നു ഭരണകൂടം ആദ്യം കോടികള്‍ ചെലവഴിക്കേണ്ടിയിരുന്നത്. ഇന്ത്യയ്ക്കു കുതിപ്പു നല്‍കല്‍ രണ്ടാമത്തെ കാര്യമാണ്. മനുഷ്യര്‍ രോഗികളാകുന്നതും മരിച്ചുവീഴുന്നതും തടയലാണല്ലോ അധികാരത്തിലിരിക്കുന്നവരുടെ ആദ്യത്തെ കര്‍ത്തവ്യം.
കൊവിഡ് ഭീതി വിതയ്ക്കാന്‍ തുടങ്ങിയ ശേഷമാണല്ലോ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അഹമ്മദാബാദ് നഗരത്തില്‍ ലോകോത്തര സ്വീകരണം നല്‍കിയത്. ട്രംപിന്റെ കാഴ്ചയില്‍ നിന്നു ചേരികള്‍ മറയ്ക്കാനുള്‍പ്പെടെ അന്നു പൊടിച്ചുതള്ളിയ കോടികള്‍ ഉണ്ടായിരുന്നെങ്കില്‍ ഗുജറാത്തിലെ ചേരികള്‍ മുഴുവനും ഇന്നു കൊവിഡ് വ്യാപനഭീതിയില്ലാതെ കഴിയാവുന്ന ഇടങ്ങളാക്കാമായിരുന്നു.
നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കാത്ത, എല്ലാ വര്‍ഷവും ഒട്ടേറെ പേരെ കൊന്നൊടുക്കുന്ന മഹാമാരികളുടെ പട്ടികയില്‍ പെടുത്തേണ്ട രോഗമായി കൊവിഡ് മാറിക്കഴിഞ്ഞുവെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന ലോകജനതയ്ക്കു നല്‍കിക്കഴിഞ്ഞു. തകര്‍ക്കാനായില്ലെങ്കിലും സാമൂഹ്യവ്യാപനം തടഞ്ഞു കൊവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയും. അതിനു പുര കത്തുമ്പോള്‍ ഭാവിയില്‍ കെട്ടിപ്പടുക്കാനാഗ്രഹിക്കുന്ന കൊട്ടാരത്തിന്റെ ചിത്രം വരച്ചു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാല്‍ പോരാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."