ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ടു മാസമായി ഓണറേറിയമില്ല
സ്വന്തം ലേഖകന്‍
കിനാലൂര്‍ (കോഴിക്കോട്): സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം ലഭിച്ചിട്ട് രണ്ട് മാസമായി. ഹോം ക്വാറന്റൈന്‍ ഉറപ്പുവരുത്തി കൊവിഡ് രോഗികളുടെ എണ്ണം പരിധിവിടാതെ സൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഇവര്‍ വഹിക്കുന്നത്. സര്‍ക്കാര്‍ കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച 1,000 രൂപയുടെ ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ആഴ്ചയില്‍ മൂന്നുദിവസം മാത്രമാണ് ആശാവര്‍ക്കര്‍മാരുടെ ജോലിസമയം എന്നിരിക്കെ കൊവിഡ് പശ്ചാത്തലത്തില്‍ നിശ്ചയിച്ചതിലും കൂടുതല്‍ ദിവസമാണ് ഇവര്‍ ജോലിചെയ്യുന്നത്. ആയിരം പേര്‍ക്ക് ഒരു ആശാവര്‍ക്കര്‍ എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. 26,750ഓളം ആശാവര്‍ക്കര്‍മാരാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
മറ്റു രോഗമുള്ളവരുടെ വീടുകളിലെ സന്ദര്‍ശനം, മരുന്നുവിതരണം, വയോധികര്‍ക്കും ഗര്‍ഭിണികള്‍ക്കും ആവശ്യമായ സേവനങ്ങള്‍ എന്നിവയും ഈ കൊവിഡ് കാലത്തും മുടങ്ങാതെ ഇവര്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ഓരോ മാസവും 4,500 രൂപ ഓണറേറിയവും 2,000 രൂപ ഇന്‍സന്റീവുമാണ് ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത്. ഇന്‍സെന്റീവിന് 50 വീടുകളില്‍ സന്ദര്‍ശനം നടത്തണം. ഓരോ വാര്‍ഡിന്റെയും ചുമതലയുള്ള ജെ.പി.എച്ച്.എന്‍ (ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്) മാര്‍ക്കാണ് ആശാവര്‍ക്കര്‍മാര്‍ മാസാന്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ജെ.പി.എച്ച് നഴ്‌സുമാര്‍ ഈ വിവരങ്ങള്‍ ദേശീയ ആരോഗ്യ മിഷന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തതിന് ശേഷമെ ഓണറേറിയം ആശാവര്‍ക്കര്‍മാരുടെ അക്കൗണ്ടിലെത്തുകയുള്ളൂ. അതേസമയം, മാര്‍ച്ച് മാസത്തെ റിപ്പോര്‍ട്ട് മാത്രമേ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളൂ. ഏപ്രില്‍ മാസത്തെ വിവരങ്ങള്‍ അപ്‌ലോഡ് നല്‍കാന്‍ വെബ്‌സൈറ്റ് സജ്ജമായില്ലെന്നാണ് ഇവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."