പരാതി നല്‍കിയിട്ടും നടപടിയില്ല: പന്തക്കലില്‍ ലക്ഷങ്ങള്‍ പൊടിച്ചുള്ള ചീട്ടുകളി തകൃതി
തലശ്ശേരി: പന്തക്കലില്‍ ജനജീവിതത്തെ ദു:സ്സഹമാക്കി ചീട്ടുകളി തകൃതി. ലക്ഷങ്ങളുപയോഗിച്ചുള്ള ചീട്ടുകളിക്കായി അന്യജില്ലകളില്‍ നിന്നുപോലും ആളുകള്‍ ഇവിടെ എത്തുന്നുണ്ട്.
ആഡംബര വാഹനങ്ങളില്‍ ചീട്ടു കളിക്കെത്തുന്നവര്‍ പന്തക്കല്‍ പൊലിസ് സ്റ്റേഷനു സമീപത്തും മറ്റുമായി വാഹനം നിര്‍ത്തിയിട്ടശേഷം നടത്തിപ്പുകാരുടെ വാഹനത്തില്‍ കയറി ചീട്ടുകളി കേന്ദ്രത്തിലെത്തുകയാണ് ചെയ്യുന്നത്. പന്തക്കല്‍ കുന്നുമ്മല്‍ പാലവും പുഞ്ചവയലുമാണ് ചീട്ടുകളിക്കാരുടെ വിഹാരകേന്ദ്രം. പലതവണ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ഇക്കാര്യത്തില്‍ ചെറുവിരലനക്കാന്‍ പന്തക്കല്‍ പൊലിസ് തയാറായിട്ടില്ല. മാഹി എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് നേരത്തെ ഇക്കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നതിനാല്‍ ചീട്ടുകളിക്ക് ശമനമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പഴയപടിയായി മാറി. പരസ്യമദ്യപാനം ഉള്‍പ്പെടെ ഇവിടെ നടക്കുന്നതായും പ്രദേശവാസികള്‍ ആരോപിക്കുന്നു. കളിക്കിടെ ചേരിതിരിഞ്ഞുള്ള അക്രമങ്ങളും ഉണ്ടാകാറുണ്ട്. പന്തക്കല്‍ പൊലിസില്‍ നിന്നു നീതി ലഭിക്കാതായതോടെ എം.എല്‍.എ മുഖേന റീജണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."