നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനൊരു റോഡ്
ആലക്കോട്: ഉദ്ഘാടനത്തിനു മുമ്പ് തന്നെ റോഡ് തകര്‍ന്നതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ഉദയഗിരി പഞ്ചായത്തില്‍ കോടികള്‍ ചിലവഴിച്ചു നിര്‍മിച്ച വണ്ണാത്തിക്കുണ്ട്-മാമ്പൊയില്‍ റോഡാണ് പൂര്‍ണമായും തകര്‍ന്നത്. പത്തുവര്‍ഷം മുമ്പ് ആരംഭിച്ച പ്രവൃത്തി പല ഘട്ടങ്ങളിലായി നടത്തി മൂന്നുമാസം മുമ്പാണ് പൂര്‍ത്തീകരിച്ചത്. പ്രധാനമന്ത്രി ഗ്രാമ സടക് യോജനയില്‍പെടുത്തി 12 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു റോഡ് നിര്‍മാണം. മൂന്നു ഘട്ടങ്ങളിലായി 18 കോടിയോളം രൂപ ഇതിനായി ചിലവഴിച്ചു.
കേവലം മുപ്പതോളം കുടുംബങ്ങള്‍ മാത്രമുള്ള പ്രദേശത്ത് കൂടി കോടികളുടെ റോഡ് നിര്‍മിച്ചത് ചില രാഷ്ട്രീയ നേതാക്കളുടെ വ്യക്തി താല്‍പര്യമാണെന്നും ആക്ഷേപമുണ്ടായി. കുത്തനെയുള്ള കയറ്റങ്ങളും കൊടും വളവുകളും പ്രവൃത്തിയുടെ ആദ്യഘട്ടത്തില്‍ വിലങ്ങു തടിയായിരുന്നു. ആറുകോടി രൂപ എസ്റ്റിമേറ്റില്‍ നിര്‍മാണം തുടങ്ങിയെങ്കിലും കയറ്റം കുറക്കാന്‍ പോലും ഈ തുക തികഞ്ഞില്ല. തുടര്‍ന്ന് രണ്ടു തവണയായി അത്രയും തന്നെ തുക വീണ്ടും അനുവദിക്കേണ്ടി വന്നു. അശാസ്ത്രീയമായ നിര്‍മാണമാണ് ഒരുമാസം കൊണ്ട് തന്നെ റോഡ് തകരാന്‍ കാരണമെന്നാണ് ആരോപണം. കാലവര്‍ഷക്കെടുതിയില്‍പെടുത്തി തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ മേല്‍ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. മഴ കനത്തതോടെ പലഭാഗത്തും മണ്ണിടിച്ചലും ഉണ്ടായി.
സംരക്ഷണ ഭിത്തി നിര്‍മിക്കാത്തതിനാല്‍ കനത്ത വെള്ളമൊഴുക്കില്‍ റോഡ് തന്നെ ഇല്ലാതായി. മണ്‍തിട്ടകള്‍ വന്‍ തോതില്‍ റോഡിലേക്ക് പതിച്ചതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും തടസപ്പെട്ടു. നിശ്ചിത അളവില്‍ താര്‍ ചേര്‍ക്കാത്തതിനാല്‍ കാലുകൊണ്ട് പോലും ടാര്‍ ചെയ്ത ഭാഗം ഇളക്കാവുന്ന സ്ഥിതിയാണ്. കോടികള്‍ ചിലവഴിച്ചു നിര്‍മിച്ച റോഡ് അഴിമതിയുടെ സ്മാരകങ്ങളായി മാറുന്നതിനെതിരേ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."