സമരപ്രഖ്യാപന കണ്‍വന്‍ഷനും കായല്‍ ഉപരോധവും 27ന്
തൃക്കരിപ്പൂര്‍: വലിയപറമ്പ ദ്വീപ് തെക്കന്‍ മേഖലയില്‍ യാത്രാസൗകര്യം ഒരുക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് 27ന് കായല്‍ ഉപരോധവും സമര പ്രഖ്യാപനവും ധര്‍ണയും സംഘടിപ്പിക്കാന്‍ തൃക്കരിപ്പൂര്‍ കടപ്പുറം കടത്ത് സംരക്ഷണ സമിതി തീരുമാനിച്ചു. പതിറ്റാണ്ടുകളായി ദ്വീപ് നിവാസികള്‍ കടത്തുവള്ളത്തെയാണ് ആശ്രയിക്കുന്നത്. അഞ്ചുവര്‍ഷം മുന്‍പ് തൂക്കുപാലം നിര്‍മിച്ചെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം തികയുന്നതിന് മുന്‍പ് പാലം തകര്‍ന്നു. ഇതോടെയാണ് ദ്വീപിലെ തെക്കന്‍ മേഖലയിലെ ജനങ്ങള്‍ അക്കരെ കടക്കാന്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ തുടങ്ങിയത്. കാലപ്പഴക്കത്തില്‍ തകര്‍ന്ന കടത്തുവള്ളം കഴിഞ്ഞമാസം യാത്രക്കാരുമായി കായലില്‍ മറിഞ്ഞിരുന്നു. കരയോട് അടുത്തായതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഇതോടെ കടത്തു സര്‍വിസ് നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ ഉത്തരവിടുകയും ചെയ്തു. ഇതിലൂടെ അവസാനിച്ചത് ദ്വീപ് നിവാസികളുടെ മറുകര കടക്കാനുള്ള മാര്‍ഗമാണ്. തൃക്കരിപ്പൂര്‍, കൈക്കോട്ടുകടവ്, ഇളമ്പച്ചി, ഉദിനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കാഞ്ഞങ്ങാട്, പയ്യന്നൂര്‍ കോളജുകളില്‍ എത്തേണ്ടവരും മറുകരയില്‍ വിവിധ തൊഴിലെടുക്കുന്നവരും മറ്റും മറുകരയിലെത്താന്‍ മറ്റു മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടതായി. കടത്ത് സര്‍വിസ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടവര്‍ മറ്റു സംവിധാനവും ഒരുക്കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് 27ന് തകര്‍ന്ന പാലം സൈറ്റില്‍ പതിഷേധം സംഘടിപ്പിക്കാനും ചെറിയ തോണികള്‍ ഉപയോഗിച്ച് കായല്‍ ഉപരോധം ഏര്‍പ്പെടുത്താനും തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."