രോഗവ്യാപന സാധ്യത തടയാന്‍ പദ്ധതികളുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന സാധ്യത തടയാന്‍ പദ്ധതികളുമായി ആരോഗ്യ വകുപ്പ്. കൊവിഡ് ചികിത്സക്ക് പ്ലാന്‍ എ, പ്ലാന്‍ ബി. പ്ലാന്‍ സി ഇങ്ങനെ തരംതിരിച്ചാണ് ആസൂത്രണം. മെഡിക്കല്‍ കോളജുകള്‍, ജില്ലകളിലെ പ്രധാന ആശുപത്രികള്‍ എന്നിവയെ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ പൂര്‍ണമായും കൊവിഡ് ആശുപത്രികളാക്കി മാറ്റും. 125 സ്വകാര്യ ആശുപത്രികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജുകളുള്‍പ്പെടെ സംസ്ഥാനത്തെ 27 പ്രധാന ആശുപത്രികള്‍ സമ്പൂര്‍ണ കൊവിഡ് ആശുപത്രികളാക്കി മാറ്റും. ഇതിനായി സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കിത്തുടങ്ങി. 11,084 ഐസൊലേഷന്‍ കിടക്കകളും 1,679 ഐ.സി.യു കിടക്കകളും ഇതിലൂടെ ലഭിക്കും. അടുത്ത ഘട്ടത്തിലാണ് സ്വകാര്യ മേഖലയിലെ ആശുപത്രികളുടെ സേവനം ഉപയോഗിക്കുക.
അതേസമയം ടെസ്റ്റ് കിറ്റുകളുടെ ലഭ്യത പ്രധാന വെല്ലുവിളിയായി തുടരുകയാണ്. സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ കൂടിയതോടെ പരിശോധനകളുടെ എണ്ണം കൂടിയിട്ടുണ്ട്. രണ്ട് മാസത്തേക്കുള്ള കിറ്റുകളുടെ സ്റ്റോക്ക് ഉണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായാല്‍ അത് നേരിടാന്‍ കൂടുതല്‍ മുന്‍കരുതല്‍ വേണം.
സംസ്ഥാനത്തേക്ക് ആളുകള്‍ എത്താന്‍ തുടങ്ങിയ ഈ മാസം എട്ടു മുതല്‍ ഇന്നലെ വരെ 95 പേര്‍ക്ക് രോഗം ബാധിച്ചു. അഞ്ചു കമ്പനികളില്‍ നിന്നായി ഒരു ലക്ഷം ആര്‍.ടി.പി.സി.ആര്‍ കിറ്റുകള്‍ വാങ്ങാന്‍ കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ (കെ.എം.എസ്.സി.എല്‍) കഴിഞ്ഞ ആഴ്ച ഓര്‍ഡര്‍ നല്‍കി. ഈ മാസം അവസാനത്തോടെ കിറ്റുകള്‍ എല്ലാം സ്റ്റോക്ക് ചെയ്യും. എട്ട് ലക്ഷം പേഴ്‌സണല്‍ പ്രോട്ടക്ടീവ് എക്യുമെന്റ് (പി.പി.ഇ) കിറ്റുകളും 9.6 ലക്ഷം എന്‍ 95 മാസ്‌കുകളും ശേഖരിക്കും. നിലവില്‍ 77,469 പി.സി.ആര്‍ കിറ്റുകളും 94,471 ആര്‍.എന്‍.എ കിറ്റുകളും 1,92,391 പി.പി.ഇ കിറ്റുകളും 1,88,456 എന്‍ 95 മാസ്‌കുകളും 20,59,053 ട്രിപ്പിള്‍ ലെയര്‍ മാസ്‌കുകളുമാണ് സ്റ്റോക്കുള്ളത്.
കൊവിഡ്: കേരളത്തിലെ സമൂഹവ്യാപന
സാധ്യതയറിയാന്‍ പഠനവുമായി ഐ.സി.എം.ആര്‍
തിരുവനന്തപുരം: കൊവിഡിന്റെ സമൂഹവ്യാപനമറിയാന്‍ കേരളത്തില്‍ ഐ.സി.എം.ആര്‍ പ്രത്യേക സംഘം പഠനം തുടങ്ങി. പഠനത്തിന്റെ ഭാഗമായി പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നും 1200 പേരുടെ സാംപിളെടുത്ത് റാന്‍ഡം പരിശോധന നടത്തും.
ഓരോ ജില്ലകളില്‍ നിന്നും പത്ത് പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് ഓരോ പഞ്ചായത്തിലെയും 40 പേരെ വീതമാണ് പരിശോധിക്കുക. രക്തത്തിലെ ആന്റിബോഡി സാന്നിധ്യമാണ് പരിശോധിക്കുക. നിലവില്‍ ലക്ഷണങ്ങളോ രോഗമോ ഇല്ലാത്തവരെയാണ് പരിശോധനയ്ക്കായി തെരഞ്ഞെടുക്കുക.
രോഗമുണ്ടോയെന്നതിനൊപ്പം, സമൂഹവ്യാപനം ഉണ്ടായോ എന്നും ആന്റി ബോഡി രൂപപ്പെട്ട് ചികിത്സയില്ലാതെ തന്നെ പ്രതിരോധ ശേഷി കൈവരിച്ചോയെന്നും പരിശോധിക്കും. ഐ.സി.എം.ആര്‍ നിയോഗിച്ച സംഘം അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 20 അംഗ സംഘമാണ് കേരളത്തില്‍ പരിശോധന നടത്തുന്നത്.
ആരോഗ്യവകുപ്പിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സഹായത്തോടെയാണ് സാംപിള്‍ ശേഖരണം നടത്തുന്നത്. രാജ്യവ്യാപകമായി ഐ.സി.എം.ആര്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് കേരളത്തിലും പരിശോധന നടത്തുന്നത്. സംസ്ഥാനങ്ങളുടെ വലിപ്പവും ജനസംഖ്യയും അനുസരിച്ചാണ് സാംപിളുകള്‍ ശേഖരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."