ശബരിമല പ്രചാരണായുധം തന്നെയെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും
തിരുവനന്തപുരം: ശബരിമല പ്രചരണായുധമാക്കരുതെന്ന മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നിര്‍ദേശത്തിനെതിരേ ബി.ജെ.പിയും കോണ്‍ഗ്രസും ശക്തമായി രംഗത്ത്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കുകതന്നെ ചെയ്യുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ശബരിമല വിഷയം ഉന്നയിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.
കേരളത്തില്‍ വിശ്വാസത്തിന് നേരേ നടന്ന വെല്ലുവിളിയും വലിയ ക്രമസമാധാന പ്രശ്‌നങ്ങളടക്കം സൃഷ്ടിച്ചതുമാണ് ശബരിമല സംഭവങ്ങള്‍. അത് തെരഞ്ഞെടുപ്പില്‍ ഉന്നയിക്കാന്‍ പാടില്ലെന്ന് പറയുന്നതില്‍ എന്താണര്‍ഥമെന്നും ചെന്നിത്തല ചോദിച്ചു. അതേസമയം, ചെന്നിത്തല പറഞ്ഞതിനു വിപരീത നിലപാടുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും ശശി തരൂരും രംഗത്തെത്തി.
ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കേണ്ടതില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നതാണ് തരൂരിന്റെ നിലപാട്. ജനങ്ങളുടെ മനസിലുള്ള വിഷയം പ്രത്യേകിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് കൊടിക്കുന്നിലും പറഞ്ഞു.
ഇതിനിടെ ശബരിമല വിഷയം പരാമര്‍ശിച്ച് പ്രചാരണം പാടില്ലെന്ന നിര്‍ദേശം, സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടിക്കാറാം മീണക്കെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
മീണയുടെ നടപടി അധികാര ദുര്‍വിനിയോഗമാണ്. രാഷ്ട്രീയ പാര്‍ട്ടികളോ പൊതുജനങ്ങളോ ഏതെല്ലാം വിഷയം ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ കമ്മിഷന് അധികാരമില്ല. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പിന് മീണയെ പുറത്താക്കണമെന്നും പരാതിയിലുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ശബരിമല സംബന്ധിച്ച കാര്യവും ഉന്നയിക്കാനാണ് കോണ്‍ഗ്രസ്, ബി.ജെ.പി തീരുമാനം.
തോന്ന്യാസം നോക്കിയിരിക്കില്ല: ടിക്കാറാം മീണ
തിരുവനന്തപുരം: ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന നിലപാടിലുറച്ച് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.
ശബരിമല യുവതീപ്രവേശനം സംബന്ധിച്ച ലിംഗനീതി ഉന്നയിക്കാം. ശബരിമല ക്ഷേത്രത്തെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ തോന്ന്യാസം നോക്കിയിരിക്കില്ല.
ഇന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ പെരുമാറ്റച്ചട്ടം സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."