സൈബര്‍ തട്ടിപ്പ്: കാമറൂണ്‍ സ്വദേശി മഞ്ചേരി പൊലിസിന്റെ പിടിയില്‍
അറസ്റ്റിലായത് ഹൈദരബാദില്‍വച്ച്
മഞ്ചേരി: സൈബര്‍ തട്ടിപ്പ് കേസില്‍ ഒരു കാമറൂണ്‍ സ്വദേശി കൂടി മഞ്ചേരി പൊലിസിന്റെ പിടിയിലായി. വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശിയായ ഫിദല്‍ അതൂദ്ണ്ടയോങ്ങി(37) നെയാണ് മഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് നടത്തിയശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ ദിവസം ഹൈദരബാദിലെ ശംഷാബാദില്‍ നിന്നാണ് പിടികൂടിയത്.
ഇടക്കിടെ താമസസ്ഥലം മാറുന്നതാണ് പ്രതിയുടെ രീതി. അതുകൊണ്ടുതന്നെ ഇയാളെ പിടികൂടാനായി മഞ്ചേരി പൊലിസ് മുന്‍പ് മൂന്ന് തവണ നടത്തിയ ഓപ്പറേഷനുകള്‍ ഫലംകണ്ടിരുന്നില്ല. സ്റ്റുഡന്റ് വിസയില്‍ ഇന്ത്യയില്‍ വന്ന ഇയാള്‍ വിസ പുതുക്കാതെ അനധികൃതമായാണ് രാജ്യത്ത് തങ്ങുന്നതെന്ന് പൊലിസ് പറഞ്ഞു. സൈബര്‍ കുറ്റവാളികളെ പിടികൂടാന്‍ മഞ്ചേരി പൊലിസ് സൈബര്‍ ഫോറന്‍സിക് ടീം നടത്തുന്ന ഓപ്പറേഷനിലൂടെയാണ് പ്രതി പിടിയിലായത്. ഓണ്‍ലൈന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ട് മാസത്തിനിടെ കാമറൂണ്‍, നൈജീരിയ സ്വദേശികളടക്കം 10 പേരെയാണ് മഞ്ചേരി പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായി പിടികൂടിയത്.
ഇതര സംസ്ഥാനങ്ങളിലുള്ളവരും മറ്റു രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന സൂചനകള്‍ ലഭിച്ചതായി പൊലിസ് അറിയിച്ചു. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ പ്രതിയുള്‍പ്പെട്ട സംഘം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ യൂനിവേഴ്‌സിറ്റികള്‍ക്ക് കീഴിലുള്ള കോളജുകളില്‍ പഠനം നടത്താനെന്ന മട്ടില്‍ വിസ സംഘടിപ്പിച്ച് വരുന്ന ഇത്തരം തട്ടിപ്പുകാര്‍ കോളജുകളില്‍ കൃത്യമായി പോകാതെ ഇത്തരം തട്ടിപ്പുകള്‍ നടത്തുകയാണ് ചെയ്യുന്നത്. മഞ്ചേരിയിലെ ഒരു മെഡിക്കല്‍ മൊത്തവിതരണ സ്ഥാപനത്തിന്റെ പേരും റസീപ്റ്റുകളും വെബ്‌സൈറ്റും ഉപയോഗിച്ച് വിവിധ ഉല്‍പന്നങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഈ തട്ടിപ്പുസംഘത്തിന്റെ കണ്ണികളിലേക്കെത്തിയത്.
മലപ്പുറം ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സി.ഐ എന്‍.ബി ഷൈജു എന്നിവരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം അബ്ദുല്ല ബാബു, സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ഷഹബിന്‍, സല്‍മാന്‍, എം.പി ലിജിന്‍ എന്നിവരാണ് ഹൈദരബാദില്‍നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."