ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്
വിദഗ്ധ സംഘം പ്രദേശം സന്ദര്‍ശിച്ചു
തിരുവമ്പാടി: നിര്‍ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ദൈര്‍ഘ്യത്തില്‍ രാജ്യത്തു മൂന്നാം സ്ഥാനത്തെത്തുന്ന തുരങ്കപാതയായേക്കും. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയിലില്‍ നിന്ന് തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.3 കിലോമീറ്റര്‍ നീളത്തിലാണു തുരങ്കപാത നിര്‍മിക്കുന്നത്.
600 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. നിലവിലുള്ള താമരശ്ശേരി ചുരത്തിനു ബദല്‍മാര്‍ഗമായാണു തുരങ്കപാത നിര്‍മിക്കുന്നത്. തുരങ്കപാത വരുന്നതോടെ 30 കിലോമീറ്ററോളം ദൂരം ലാഭിക്കാം.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിന് സമീപത്തെ സ്വര്‍ഗംകുന്ന് മുതല്‍ വയനാട് ജില്ലയിലെ കള്ളാടി വരെ 6.3 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടുവരി പാതയടങ്ങുന്ന തുരങ്കമാണ് നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായി മറിപ്പുഴയില്‍ രണ്ടുവരി പാതയടങ്ങുന്ന ആധുനിക രീതിയിലുള്ള പാലവും നിര്‍മിക്കും.
തുരങ്കപാതയുടെ സാധ്യതാപഠനം 2014 ലാണ് നടത്തിയത്. 2016ല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പിന്നീടു മരാമത്ത് ചീഫ് എന്‍ജിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു തുരങ്കപാത നിര്‍മിച്ചു പരിചയമുള്ള ഏജന്‍സിയെ ചുമതല ഏല്‍പിക്കണമെന്നു നിര്‍ദേശിച്ചത്. ഇതേ തുടര്‍ന്നാണ് തുരങ്കപാതയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും നിര്‍മാണത്തിനും സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനിയായി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയത്.
പദ്ധതിയുടെ ഡിസൈനിങ്, എസ്റ്റിമേറ്റ്, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്, ഇംപ്ലിമെന്റേഷന്‍ എന്നിവയാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ഏറ്റെടുക്കുക. സാങ്കേതികമായി കരാര്‍ ഒപ്പുവെച്ചു കഴിഞ്ഞാല്‍ സര്‍വെ പൂര്‍ത്തിയാക്കി നാലുമാസം കൊണ്ട് റിപ്പോര്‍ട്ട് നല്‍കും. ഡി.പി.ആര്‍ അംഗീകാരമായി കഴിഞ്ഞാല്‍ 38 മാസത്തിനകം തുരങ്കത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിശദമായ സര്‍വെ നടത്തി വ്യക്തമായ അലൈന്‍മെന്റ് ഉടന്‍ തയ്യാറാക്കും. ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി അലൈന്‍മെന്റ്, മണ്ണിന്റെ ഘടന, ജലസാന്നിധ്യം, പാറകളുടെ ഘടന എന്നിവ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിശോധിക്കും.
തുരങ്കപാത പൂര്‍ത്തിയാകുന്നതോടെ മലബാറിലെ വിനോദസഞ്ചാര മേഖലയില്‍ അനന്തസാധ്യതകളാണ് ഉണ്ടാവുക. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ പാതയുടെ പ്രവേശനകവാടമായ സ്വര്‍ഗംകുന്ന് വിനോദസഞ്ചാര കേന്ദ്രമായി വികസിക്കും. ഇതിന്റെ പ്രാഥമിക നിരീക്ഷണത്തിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം കെ.ആര്‍.സി.എല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മോഹന്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ എം. മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."