പ്രവാസികള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പ്രവാസി ദ്രോഹ നടപടിക്കെതിരേ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് പ്രവാസികളോട് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളേയും സ്വകാര്യമേഖലയ്ക്ക് എഴുതി വില്‍ക്കുകയാണ് കേന്ദ്രം. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും കേന്ദ്രം സ്വകാര്യമേഖലയ്ക്ക് തീറെഴുതുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തിന്റെ വികസനത്തിന്റെ ഒരു ഭാഗം പ്രവാസികളുടെ അധ്വാനത്തിന്റെ മിച്ചമൂല്യമാണ്. സംസ്ഥാനത്തെ ഓരോ മേഖലയിലുമുണ്ടായ വികസനത്തില്‍ പ്രവാസികളുടെ പണം സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. മരുഭൂമിയെ വിളഭൂമിയാക്കിയതോടൊപ്പം ജന്മനാടിനേയും സമൃദ്ധിയിലേക്ക് നയിച്ച പ്രവാസികളെ സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. കെ. വിജയകുമാര്‍, ആര്‍. ശ്രീകൃഷ്ണപിള്ള, ബാദുഷ കടലുണ്ടി, പീറ്റര്‍ മാത്യു, ഡി. അനിതാ കുമാരി, സി.ഇ നാസര്‍ കെ.സി സജീവ് തൈക്കാട്, നിസാര്‍ അമ്പലംകുന്ന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."