ശ്രീചിത്ര ഡയരക്ടര്‍ നിയമനം ; വിവാദങ്ങള്‍ക്കിടെ തുടരാന്‍ അനുമതിതേടി ഡോ. ആശാ കിഷോര്‍
അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിയതിനെതിരേ ഭരണസമിതി അംഗങ്ങള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഡയരക്ടറായി തുടരാന്‍ അനുമതിതേടി ഡോ. ആശാ കിഷോര്‍ ഭരണസമിതിയെ സമീപിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 12ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡി മീറ്റിങിന്റെ അജന്‍ഡയിലാണ് ഡയരക്ടര്‍ ഈ ആവശ്യം ഉള്‍പ്പെടുത്തിയത്. ആശാ കിഷോറിന്റെ നീക്കത്തെ എതിര്‍ത്ത് ഒരുവിഭാഗം അംഗങ്ങള്‍ രംഗത്തെത്തിയതോടെ അടുത്ത ഡയരക്ടര്‍ നിയമനം തര്‍ക്കത്തില്‍ കലാശിച്ചു.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പ്രവര്‍ത്തനത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ചേരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡി യോഗത്തിലാണ്. ചെവ്വാഴ്ചത്തെ യോഗത്തിന്റെ അജന്‍ഡയില്‍ പതിനൊന്നാമത്തെയും അവസാനത്തെയും വിഷയമായിരുന്നു ഡയരക്ടറുടെ കാലാവധി ദീര്‍ഘിപ്പിക്കല്‍. ഡോ. വല്ല്യത്താന്‍, ഡോ. കെ.രാധാകൃഷ്ണന്‍, ഡോ. മോഹന്‍ദാസ് തുടങ്ങിയവര്‍ക്ക് ലഭിച്ചിട്ടുള്ള രണ്ടാം ഊഴത്തിന്റെ ചുവടുപിടിച്ചാണ് നിര്‍ദേശം സമര്‍പ്പിച്ചത്. നിലവിലെ ചട്ടം, വ്യവസ്ഥകള്‍ എന്നിവയും പ്രഥമ പരിഗണനയ്ക്കുള്ള യോഗ്യതയും ഉയര്‍ത്തിയാണ് അജന്‍ഡയില്‍ ആശാ കിഷോര്‍ രണ്ടാം ഊഴത്തിന് യോഗ്യയാണെന്ന് വാദിച്ചതത്രേ. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭരണവീഴ്ചയ്ക്കും അഴിമതികള്‍ക്കുമെതിരേ ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാന്‍ കേന്ദ്ര സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രാലയം നേരത്തെ രണ്ടു കമ്മിറ്റികളെ നിയോഗിച്ചിരുന്നു. ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗം ഓഡിറ്റ് റിപ്പോര്‍ട്ടും വസ്തുതാ പരിശോധന കമ്മിറ്റി റിപ്പോര്‍ട്ടും സമര്‍പ്പിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുകയോ അവതരിപ്പിക്കുകയോ ചെയ്യാത്തതാണ് അംഗങ്ങളെ പ്രകോപിപ്പിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ അംഗങ്ങള്‍ ഡയരക്ടറുടെ നീക്കത്തെ വിമര്‍ശിക്കുകയും ചെയ്തു.
ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധിയെ ഓഫിസില്‍ വിളിച്ചുവരുത്തി ഡയരക്ടര്‍ അപമാനിച്ചത് അടുത്തിടെ വിവാദമായിരുന്നു. ഡോക്ടര്‍മാരുടെ ഏക സംഘടനയായ ഫാക്കല്‍റ്റി അസോസിയേഷന്‍ പ്രസിഡന്റും ശ്രീചിത്രയിലെ സീനിയര്‍ ഡോക്ടറുമായ ജയകുമാറിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 6ന് കറുത്ത ബാഡ്ജ് ധരിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചിരുന്നു.ഭരണത്തിലും ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിലും ഗുരുതരമായ ക്രമക്കേടുകള്‍ ശ്രീചിത്രയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് രണ്ട് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. ഓഡിറ്റ് കമ്മിറ്റിയുടെ 27 കണ്ടെത്തലുകളില്‍ 13 എണ്ണം ഗുരുതരവും അടിയന്തര ഇടപെടല്‍ ആവശ്യമുള്ളതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."