ഓണാട്ടുകര വികസന ഏജന്‍സി ചെയര്‍മാന്‍; സി.പി.ഐയില്‍ തീരുമാനമായില്ല
ചാരുംമൂട്: ഓണാട്ടുകര വികസന ഏജന്‍സി ചെയര്‍മാന്‍ നിയമനം ഒരുവര്‍ഷമാകാറായിട്ടും സി.പി.ഐയില്‍ തീരുമാനമായില്ല. ആലപ്പുഴ, കൊല്ലം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഓണാട്ടുകരയിലെ കൃഷിക്കാരുടെ ഉന്നമനത്തിനായി ലക്ഷകണക്കിന് കേരള കേന്ദ്രഫണ്ടുകള്‍ ചിലവിടുന്നത് ഈ വികസന സമിതി വഴിയാണ്. നാഥനില്ലാതെ ഉദ്യോഗസ്ഥരുടെ ചുമതലയിലാണ് ഇപ്പോള്‍ ഇവ പ്രവര്‍ത്തിച്ചു വരുന്നത്.
സി.പി.ഐക്ക് അനുവദിച്ച ജില്ലയിലെ മറ്റ് സമാന വകുപ്പുകളില്‍ ചെയര്‍മാന്‍മാരെ നിയമിച്ചിട്ടും ഓണാട്ടുകര വികസന ഏജന്‍സി ചെയര്‍മാന്‍ സ്ഥാനം ഇതുവരെയും ആര്‍ക്ക് നല്‍കണമെന്നത് തീരുമാനമായിട്ടില്ല. ഇതിനു വേണ്ടി ഒരു മാസം മുമ്പ് സംസ്ഥാന സെക്രട്ടറി പങ്കെടുത്ത സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു.മുന്‍ ഭരണകാലത്ത് ചെയര്‍മാന്‍മാരായിരുന്ന കായംകുളം, വളളികുന്നം പ്രദേശത്തുളള രണ്ട് ജില്ലാ നേതാക്കളുടെ പേര് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി സംസ്ഥാന കമ്മറ്റിക്ക് നല്‍കിയെങ്കിലും മുമ്പ് സ്ഥാനം വഹിച്ച വരെ വേണ്ട എന്ന കര്‍ശനനിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.
പിന്നീട് മാവേലിക്കര മണ്ഡലത്തില്‍പ്പെട്ട അഭിഭാഷകനായ നേതാവിനെ പരിഗണിച്ചുവെങ്കിലും രണ്ട് പേര് നിര്‍ദേശിക്കണമെന്ന സംസ്ഥാന നേതൃത്തത്തിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയാതെ അദ്ദേഹം പിന്‍ വാങ്ങിയിരുന്നു. ഇദ്ദേഹത്തിന്റെ കൂടെ പേര് നിര്‍ദേശം വന്ന ചെങ്ങന്നൂരില്‍ നിന്നുളള ജില്ലാ അസി: സെക്രട്ടറിയാണ് ഏറ്റവുംഅവസാനം പരിഗണനയിലുള്ളത്. എന്നാല്‍ ഇനിയും ഇദ്ദേഹത്തിന് നിയമനം നല്‍കാത്തത് പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതയാണന്നും സംസാരമുണ്ട്.ഇതിനടയില്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവര്‍ക്കും ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്നാവശ്യം ഉയര്‍ന്നതും നിയമനം നീണ്ടു പോകുവാനും പാര്‍ട്ടിയില്‍ മാവേലിക്കര,കായംകുളം,ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ ഗ്രൂപ്പ് പോര് ശക്തമാകുവാനും കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."