അനിശ്ചിതത്വത്തിന്റെ നടുവില്‍ കഞ്ചിക്കോട് കോച്ച്ഫാക്ടറി
ഏറെ പ്രതീക്ഷയോടെ ശിലാസ്ഥാപനം നടത്തിയ പാലക്കാട്ടെ കഞ്ചിക്കോട് കോച്ച്ഫാക്ടറി അനിശ്ചിതത്വത്തിന്റെ നടുവിലായിരിക്കുകയാണ്. ഫാക്ടറി ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും യാതൊരു നിശ്ചയവുമില്ല. ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുകയാണ് ഇരുവിഭാഗവും. കേരളത്തിന്റെ പൊതുവായ ഒരാവശ്യത്തെ മറ്റെല്ലാ രാഷ്ട്രീയഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് നേടിയെടുക്കേണ്ട ഒരു സന്ദര്‍ഭത്തില്‍ ഓരോ വിഭാഗവും അവരവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി കോച്ച്ഫാക്ടറിയെ ഇരയാക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് റെയില്‍വെ മന്ത്രി പിയൂഷ്‌ഗോയല്‍ റെയില്‍വെ പാര്‍ലമെന്ററി യോഗത്തില്‍ പുതിയ കോച്ച് ഫാക്ടറി സ്ഥാപിക്കുവാന്‍ റെയില്‍വെ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് ഇത് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്. കേരളത്തില്‍ നിന്നുള്ള ഇടതു മുന്നണി എം.പിമാര്‍ പിയൂഷ്‌ഗോയലിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് റെയില്‍ ഭവന് മുമ്പില്‍ കഴിഞ്ഞാഴ്ച ധര്‍ണ നടത്തി. പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങിയപ്പോള്‍ കോച്ച് ഫാക്ടറി തല്‍ക്കാലം ആരംഭിക്കുന്നില്ല എന്നേ പറഞ്ഞിട്ടുള്ളൂവെന്നും പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപക്ഷ പക്ഷ ിച്ചിട്ടില്ലെന്നും പറഞ്ഞൊഴിയുകയുണ്ടായി. രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടത് പ്രകാരം പാലക്കാട്ടെ കോച്ച് ഫാക്ടറി യുപിയിലെ റായ്ബറേയിലേക്ക് മാറ്റിയിരിക്കുകയാണെന്ന അസത്യപ്രസ്താവനയും ഇതിനിടയില്‍ ഗോയല്‍ നടത്തുകയുണ്ടായി. രാഹുല്‍ഗാന്ധി അത്തരത്തിലൊരു ആവശ്യം ഉന്നയിച്ച് കത്തെഴുതിയിട്ടുണ്ടെങ്കില്‍ അത് പുറത്ത് വിടാന്‍ പറഞ്ഞ് എ.കെ ആന്റണി ഗോയലിനെ വെല്ലുവിളിച്ചിരിക്കുകയാണ് ഇന്നലെ ഡെല്‍ഹിയില്‍.
കോച്ച് ഫാക്ടറി നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ റെയില്‍ഭവന് മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ആന്റണി വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഇടത് മുന്നണി എം.പിമാര്‍ കഴിഞ്ഞയാഴ്ച ഡെല്‍ഹിയില്‍ നടത്തിയ സമരത്തില്‍ യു.ഡി.എഫിനെക്കൂടി സഹകരിപ്പിക്കേണ്ടതായിരുന്നു. കേരളത്തിന്റെ പൊതുവായ ഒരാവശ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ വേറിട്ട് ഉന്നയിക്കുമ്പോള്‍ അനുവദിക്കേണ്ട കേന്ദ്രസര്‍ക്കാരിന് പറഞ്ഞൊഴിയാന്‍ കാരണങ്ങള്‍ ഏറെയായിരിക്കും. സി.പി.എം നേതൃത്വത്തിലുള്ള ഇടത് മുന്നണി എം.പിമാര്‍ അപ്രകാരം ധര്‍ണ നടത്തിയത് രാഷ്ട്രീയ നേട്ടം ഉന്നംവെച്ചുകൊണ്ടാണെന്നും ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നത് ഇടത് പക്ഷം മാത്രമാണെന്നുള്ള ധാരണ പൊതുസമൂഹത്തില്‍ ഉളവാക്കാനുമാണ് ഇത്തരം നീക്കങ്ങളെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ മാത്രം ഒതുങ്ങുന്ന ഇടത്പക്ഷ മുന്നണി വിചാരിച്ചാല്‍ ബി.ജെ.പി ഉയര്‍ത്തുന്ന രാഷ്ട്രീയ വെല്ലുവിളികളെ നേരിടാനാവില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഇന്ത്യയിലൊട്ടാകെയുള്ള പ്രാദേശിക പാര്‍ട്ടികളെ ബി.ജെ.പിക്കെതിരെ അണിനിരത്തുന്നതില്‍ കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോള്‍ മുമ്പില്‍ ഉള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇടത്പക്ഷത്തിന് മൈലേജ് കിട്ടുന്ന ഒരു ആവശ്യം അതായത് കഞ്ചിക്കോട് കോച്ച് ഫാക്ടറി നിര്‍മാണം തുടങ്ങുന്നതിന് ബി.ജെ.പി സര്‍ക്കാര്‍ പച്ചകൊടി കാണിക്കുകയില്ല.
2012ല്‍ ആണ് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ തറക്കല്ലിട്ടത്. ഇതിന് കാരണമായതാകട്ടെ പാലക്കാട് ഡിവിഷനെ രണ്ടായി വിഭജിച്ചതിലുള്ള കേരളത്തിന്റെ പ്രതിഷേധം തണുപ്പിക്കാനുമായിരുന്നു. അന്നത്തെ കേന്ദ്ര റെയില്‍വെ വകുപ്പ് മന്ത്രി ലാലുപ്രസാദ് യാദവാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി വാഗ്ദാനം ചെയ്തത്. ഫാക്ടറിയുടെ പണി പൂര്‍ത്തീകരിക്കുമ്പോള്‍ അത്യാധുനിക സൗകര്യങ്ങളോടെ നാനൂറിലധികം കോച്ചുകള്‍ നിര്‍മിക്കുവാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം എങ്ങും എത്തിയില്ല. കുത്തകകള്‍ക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തകൊടുക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കേരളത്തില്‍ പൊതുമേഖല സ്ഥാപനം വരുന്നതില്‍ വലിയ താല്‍പര്യം കാണിക്കണമെന്നില്ല.
കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പരസ്പരം പോരടിച്ച് വെവ്വേറെ ധര്‍ണ നടത്തേണ്ടതിനാലായിരിക്കണം കഞ്ചിക്കോട് ഫാക്ടറി എപ്പോള്‍ പണി തുടങ്ങുമെന്നോ പൂര്‍ത്തിയാകുമെന്നോ പറയുവാന്‍ പിയൂഷ്‌ഗോയല്‍ തയ്യാറാകാത്തത്. റെയില്‍ പാതക്ക് സ്ഥലം ലഭ്യമാക്കാതെ ആകാശത്തുകൂടി കൊണ്ടുപോകാനാവില്ലെന്ന് പിയൂഷ്‌ഗോയലിന് മുഖ്യമന്ത്രിയോട് ന്യായം പറയാം. എന്നാല്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഇതൊന്നും തടസ്സമല്ല. ആവശ്യത്തിന് സ്ഥലം ഉണ്ട്. സാങ്കേതിക പ്രശ്‌നങ്ങളൊന്നും ഇല്ലതാനും. ഇടത്പക്ഷ എം.പിമാരും യു.ഡി.എഫ് എം.പിമാരും ഒറ്റക്കെട്ടായി നിന്ന് കേരളത്തിന്റെ പൊതുവായ ഈ ആവശ്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."