തട്ടിക്കൊണ്ടുപോയ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി
മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍
കൊലപ്പെടുത്തിയത് മൃഗീയമായി മര്‍ദിച്ചശേഷം
തിരുവനന്തപുരം: കഴിഞ്ഞദിവസം കരമനയില്‍നിന്നും ഒരു സംഘം തട്ടിക്കൊണ്ടു പോയ കൊഞ്ചിറവിള സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊഞ്ചിറവിള ഒരുകമ്പില്‍ വീട്ടില്‍ അനന്തു ഗിരീഷി(21)ന്റെ മൃതദേഹമാണ്
നീറമണ്‍കര ദേശീയ പാതയ്ക്ക് സമീപമുള്ള ബി.എസ്.എന്‍.എല്‍ പുറമ്പോക്ക് ഭൂമിയില്‍ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മൃഗീയമായി മര്‍ദിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കൈക്കും കാലിനും വെട്ടേറ്റ നിലയിലും ശരീരമാസകലം മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം.
മര്‍ദനമേറ്റത്തിന്റെ പാടുകള്‍ ശരീരത്തില്‍ ഉള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടു കൈയിലേയും ഞരമ്പുകള്‍ മുറിഞ്ഞ നിലയിലാണ്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൊഞ്ചിറവിള സ്വദേശികളായ ബാലു, റോഷന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണ്.
അനന്തുവിനെ കാണാതായതോടെ സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് കൈമനത്തിനടുത്തുള്ള കുറ്റിക്കാട്ടില്‍ അനന്തുവിന്റെ ബൈക്കും മൃതദേഹവും കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് കരമനക്ക് അടുത്ത് തളിയില്‍നിന്നും അനന്തുവിനെ തട്ടിക്കൊണ്ടുപോയത്. ബൈക്കില്‍ കരമന ഭാഗത്തേക്ക് വരികയായിരുന്ന അനന്തുവിനെ കാറിലെത്തിയ രണ്ടംഗസംഘമാണ് കടത്തിക്കൊണ്ടുപോയതെന്നാണ് വിവരം. അനന്തുവിനെ റോഡില്‍വച്ചു തന്നെ മര്‍ദിക്കുന്നതു കണ്ടതായി ദൃക്‌സാക്ഷികള്‍ പൊലിസിനോട് പറഞ്ഞിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് അനന്തുവിന്റെ ഫോണിലേക്ക് ഒരു സുഹൃത്ത് വിളിച്ചതോടെയാണ് ഇയാളെ തട്ടിക്കൊണ്ടുപോയ വിവരം പുറംലോകമറിഞ്ഞത്. ഈ കോളിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫായി. പരാതിയുടെ അടിസ്ഥാനത്തില്‍ കരമനയിലെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ച പൊലിസ് അനന്തുവിനെ തട്ടിക്കൊണ്ടുപോയ കാര്‍ തിരിച്ചറിഞ്ഞിരുന്നു. തമ്പാനൂര്‍ ഭാഗത്തേക്ക് കാര്‍ എത്തിയതായി പൊലിസ് കണ്ടെത്തിയിരുന്നു. കാര്‍ കണ്ടെത്താനായി സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.
കൊഞ്ചിറവിള ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനിടയില്‍ നടന്ന സംഘര്‍ഷത്തിന്റെ ബാക്കിയാണ് അനന്തുവിനെ തട്ടിക്കൊണ്ടുപോയ സംഭവമെന്നാണ് പൊലിസ് ഭാഷ്യം. പ്ലസ്ടു കഴിഞ്ഞ അനന്തുവിന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല.
നിരവധി കേസുകളിലെ പ്രതിയാണ്. തമ്പാനൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ പട്ടാപ്പകല്‍ ബസിനുള്ളില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍.
ഓട്ടോഡ്രൈവറായ ഗിരീഷാണ് പിതാവ്. അമ്മ: മിനി. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അഭിഷേകാണ് ഏകസഹോദരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."