അഴിമതിരഹിത കൊല്ലം ജില്ലാതല ശില്‍പശാല നടത്തി
കൊല്ലം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന 'അഴിമതി രഹിത കൊല്ലം' ജനകീയ പ്രചാരണപരിപാടിയുടെ ഭാഗമായുള്ള ജില്ലാതല ശില്‍പശാല ആശ്രാമം ഗസ്റ്റ്ഹൗസില്‍ എം നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഴിമതി തടയുക, അഴിമതിയുടെ സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ട് പൊലിസ്, വിജിലന്‍സ,് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്നാണ് പ്രചാരണ പരിപാടി നടപ്പാക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ശില്‍പശാലകള്‍ നടത്തും. തുടര്‍ന്ന് ജില്ലയിലെ 75 സി.ഡി.എസ് ഓഫിസുകളും അഴിമതി രഹിത പ്രചാരണത്തിന്റെ കേന്ദ്രങ്ങളായി മാറ്റും. സി.ഡി.എസ് അംഗങ്ങള്‍, ബാലസഭയിലെ കുട്ടികള്‍, തദ്ദേശസ്ഥാപനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് സമീപമുള്ള വ്യാപാരികള്‍, മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍, വിജിലന്‍സ് ഓഫിസിന്റെ ചുമതയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നിവര്‍ അംഗങ്ങളായി പഞ്ചായത്ത് തലത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിച്ച് കാംപയിന്‍ നടത്തും.
ഇതിന്റെ ഭാഗമായി എല്ലാസര്‍ക്കാര്‍ ഓഫിസുകളിലും കുടുംബശ്രീ പ്രത്യേക നോട്ടിസുകള്‍ പതിപ്പിക്കും. അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ തെളിവുകള്‍ ശേഖരിച്ച് വിജിലന്‍സിനും ബന്ധപ്പെട്ട വകുപ്പ് മേധാവിക്കും കൈമാറും.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ 'ഫോര്‍ ദ പീപ്പിള്‍' എന്ന അഴിമതി രഹിത സംവിധാനം ഉപയോഗിക്കാന്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കും. തീര്‍പ്പാകാത്തതും അനാവശ്യകാലതാമസം നേരിടുന്നതുമായ പരാതികള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.
വിവിധ കേന്ദ്രങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍ മനസിലാക്കി വിജിലന്‍സിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബാങ്കുകളുടെ സഹായത്തോടെ സാമ്പത്തിക സാക്ഷരതാ ക്ലാസുകള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങളെക്കുറിച്ച് പഞ്ചായത്തുകളില്‍ ക്ലാസുകള്‍ നടത്തും. ക്ഷേമപെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ലൈഫ്, തുടങ്ങിയവയുടെ സര്‍വേ രേഖകള്‍ ഉപയോഗിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ അതത് പ്രദേശത്ത് ഓരോ വിഭാഗത്തിനും ലഭ്യമാക്കേണ്ട ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിനുള്ള ഇടപെടലും അഴിമതി രഹിത കൊല്ലത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ സേവന അവകാശ നിയമത്തെക്കുറിച്ച് പ്രത്യേക പരിശീലനം സംഘടിപ്പിക്കും.
മുഴുവന്‍ സ്‌കൂള്‍ കുട്ടികളേയും ബാലസഭാ അംഗങ്ങളാക്കി വീടുകളില്‍ അഴിമതി രഹിത സന്ദേശം എത്തിക്കും. ശില്‍പശാലയില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ എ മുഹമ്മദ് അന്‍സര്‍ അധ്യക്ഷനായി. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാര്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സ്മിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."