കരിഞ്ചോലമലയില്‍ വിദഗ്ധ സംഘം വീണ്ടും പരിശോധന നടത്തി
താമരശേരി: ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറ കരിഞ്ചോലമലയില്‍ വിദഗ്ധ സംഘം വീണ്ടും പരിശോധന നടത്തി. ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന ഭാഗവും കല്ലും ചെളിയും വന്നടിഞ്ഞ ഭാഗങ്ങളിലും ഒരാഴ്ച മുന്‍പു നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് സബ്കലക്ടര്‍ വി. വിഘ്‌നേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പരിശോധനക്ക് എത്തിയത്.
ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിലും നിര്‍മാണ പ്രവൃത്തി നടന്നുവെന്ന് ആരോപിക്കുന്ന പ്രദേശത്തും പരിശോധന നടത്തി.
ഉരുള്‍പൊട്ടലുണ്ടായ ഭാഗത്തെ പാറകളുടെ തരം, അവയ്ക്കു സംഭവിച്ച രൂപാന്തരം, മലയില്‍ നിന്നു വെള്ളം ഒഴുകിയെത്തുന്ന ചാലുകള്‍, നിര്‍മാണ പ്രവൃത്തി നടത്തി ഭൂമിക്കു മാറ്റം വരുത്തിയെന്ന് പറയുന്ന ഭാഗങ്ങള്‍ തുടങ്ങിയവ പരിശോധിച്ചു. ഇവിടുത്തെ മണ്ണിന്റെ സാംപിള്‍ സംഘം ശേഖരിച്ചിട്ടുണ്ട്. പ്രദേശത്ത് നിര്‍മാണ പ്രവൃത്തി നടത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് എന്‍.ആര്‍.എസ്.എയുമായി (നാഷനല്‍ റിമോട്ട് സെന്‍സിങ് ഏജന്‍സി) ബന്ധപ്പെട്ട് സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ ശേഖരിക്കും.
ഇതുസംബന്ധമായ അപേക്ഷ ഉടന്‍ തന്നെ സമര്‍പ്പിക്കും. ഓരോ ഘട്ടത്തിലും സ്ഥലത്ത് സംഭവിച്ച മാറ്റങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമേ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുള്ളൂവെന്നും സി.ഡബ്ല്യു.ആര്‍.ഡി.എം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് വി.പി ദിനേശന്‍ പറഞ്ഞു. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റ് ടി. മോഹനന്‍, ഗ്രൗണ്ട് വാട്ടര്‍ ജില്ലാ ഓഫിസര്‍ കെ.എം അബ്ദുല്‍ അഷ്‌റഫ്, സോയില്‍ കണ്ടസര്‍വേറ്റര്‍ ഓഫിസര്‍ ഡോ. രഞ്ജിത്, സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ശാസ്ത്രജ്ഞര്‍, ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."