ഡൈബാല മാജിക് ബാഴ്‌സയ്ക്ക് ദയനീയ തോല്‍വി
ടോറിനോ: വമ്പന്‍മാരുടെ കൊമ്പുമായെത്തിയ ബാഴ്‌സലോണയ്ക്ക് യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ദയനീയ തോല്‍വി. പൗലോ ഡൈബാലയെന്ന യുവ സ്‌ട്രൈക്കറുടെ ഇരട്ട സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ എതിരില്ലാത്ത മൂന്നു ഗോളിന് യുവന്റസാണ് ബാഴ്‌സയെ തകര്‍ത്തു വിട്ടത്. ഇതോടെ രണ്ടാം പാദത്തില്‍ മൂന്നിലധികം ഗോളുകള്‍ക്ക് ജയിച്ചാല്‍ മാത്രമേ സെമിയില്‍ എത്താന്‍ സാധിക്കൂ എന്ന അവസ്ഥയിലാണ് ബാഴ്‌സ. പ്രീ ക്വാര്‍ട്ടറില്‍ പി.എസ്.ജിയെ തകര്‍ത്തു വിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് കറ്റാലന്‍ പട കളത്തിലിറങ്ങിയത്. എന്നാല്‍ ലയണല്‍ മെസ്സിയടക്കമുള്ള താരങ്ങളെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ഡൈബാലയുടേത്.
3-4-3 ഫോര്‍മേഷനിലാണ് ബാഴ്‌സ കളത്തിലിറങ്ങിയത്. എന്നാല്‍ കോച്ച് ലൂയി എന്റിക്വെയുടെ പദ്ധതികള്‍ പാളുന്നതാണ് കണ്ടത്. പതിവില്‍ നിന്ന് വിപരീതമായി മികച്ച മുന്നേറ്റങ്ങളാണ് യുവന്റസ് പുറത്തെടുത്തത്. രണ്ടാം മിനുട്ടില്‍ മിറാലം ജാനിക്കിന്റെ ഫ്രീകിക്കില്‍ ഹിഗ്വയ്ന്‍ തൊടുത്ത ഹെഡ്ഡര്‍ ആന്ദ്രേ ടെര്‍ സ്റ്റിഗന്‍ തട്ടിയകറ്റി.
ഇതോടെ ബാഴ്‌സ അപകടം മണത്തു. പ്രതിരോധം സജ്ജമാക്കും മുന്‍പു തന്നെ ടീം ഗോള്‍ വഴങ്ങി. ജെറമി മത്തേയുവിന്റെ പിഴവില്‍ നിന്ന് ലഭിച്ച പാസുമായി ബോക്‌സിലേക്ക് മുന്നേറിയ ക്വഡ്രാഡോ പന്ത് ഡൈബാലയ്ക്ക് നല്‍കുന്നു. താരം തകര്‍പ്പന്‍ ഫിനിഷിങിലൂടെ ബാഴ്‌സയെ ഞെട്ടിക്കുകയായിരുന്നു.
തിരിച്ചടിക്കാന്‍ ബാഴ്‌സ ശ്രമിച്ചെങ്കിലും ഒന്നും കൃത്യമായി ലക്ഷ്യത്തിലെത്തിയില്ല. 21ാം മിനുട്ടില്‍ മെസ്സിയുടെ മാജിക്കല്‍ മുന്നേറ്റത്തില്‍ ആന്ദ്രേ ഇനിയേസ്റ്റയ്ക്ക് പന്ത് ലഭിച്ചെങ്കിലും ബഫണിന്റെ മികവ് ടീമിന് സമനില നിഷേധിച്ചു. ബാഴ്‌സയുടെ പ്രതിരോധം പിന്നീട് ഡൈബാലയ്ക്ക് കൂടുതല്‍ അവസരം നല്‍കുന്നതാണ് കണ്ടത്. 22ാം മിനുട്ടില്‍ മാന്‍സുക്കിച്ച് കട്ട് ബാക്ക് പാസില്‍ ഡൈബാല തന്റെ രണ്ടാം ഗോളും നേടി. ബാഴ്‌സയുടെ പ്രതിരോധത്തിലെ ആശയക്കുഴപ്പം തുറന്നുകാട്ടിയ ഗോള്‍ കൂടിയായിരുന്നു ഇത്. അധികം വൈകാതെ തന്നെ മെസ്സിയുടെ മികവില്‍ ബാഴ്‌സ തിരിച്ചടിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
അവസരം പാഴാക്കുന്നതില്‍ അടുത്ത ഊഴം ലൂയി സുവാരസിനായിരുന്നു. താരത്തിന്റെ നിരവധി ഹെഡ്ഡറുകള്‍ ലക്ഷ്യം കാണാതെ പോയി. ദയനീയ പ്രകടനം ബാഴ്‌സ തുടരുന്നതിനിടെ രണ്ടാം പകുതിയില്‍ യുവന്റസ് ലീഡ് ഉയര്‍ത്തി. ജാനിക്കിന്റെ കോര്‍ണറില്‍ നിന്ന് ചെല്ലിനിയാണ് സ്‌കോര്‍ ചെയ്തത്. ഇതിനിടയില്‍ ഡൈബാലയ്ക്ക് ഹാട്രിക്ക് നേടാന്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."