നൂറ്റാണ്ടുകളുടെ ചരിത്രവുമായി ബങ്കളത്തെ ശിലാചിത്രം
നീലേശ്വരം: നൂറ്റാണ്ടുകളുടെ ചരിത്രവുമായി ബങ്കളത്ത് ശിലാചിത്രം. അഞ്ചടി നീളവും നാലടി വീതിയുമുള്ള, ഇരതേടി കുതിച്ചു പായുന്ന പുലിയുടെ രൂപമാണ് ശിലാചിത്രത്തിലുള്ളത്. ബി.സി മൂന്നാം നൂറ്റാണ്ടിനു മുന്‍പുള്ള ശിലാചിത്രമാണെന്നു കരുതപ്പെടുന്നു. കക്കാട്ട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തുള്ള വേനലിലും വറ്റാത്ത പള്ളത്തിന്റെ ഉയര്‍ന്ന ഭാഗത്താണ് ഇതുള്ളത്.
ഇരുമ്പുകൊണ്ടുള്ള പണിയായുധങ്ങളോ ശിലായുഗത്തിലെ വെണ്‍മഴു പോലുള്ള പണിയായുധങ്ങള്‍ കൊണ്ടോ വരച്ചതാകാം ഇതെന്നു ചരിത്രകാരന്മാര്‍ കരുതുന്നു. ആദിമമനുഷ്യരുടെ ഭാവനയുടേയും വൈദഗ്ദ്യത്തിന്റെയും തെളിവാണിത്. സമീപത്തു തന്നെ മഹാശിലാ സ്മാരകമായ ചെങ്കല്ലറയും ഉണ്ട്.
പടന്നക്കാട് നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ബങ്കളത്തെ മുഹമ്മദ് ഷഫീഖ് അറിയിച്ചതിനെ തുടര്‍ന്നു ചരിത്ര ഗവേഷകരും നെഹ്‌റു കോളജിലെ ചരിത്രാധ്യാപകരുമായ നന്ദകുമാര്‍ കോറോത്ത്, പ്രൊഫ.സി.പി രാജീവന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
രണ്ടായിരം വര്‍ഷം മുന്‍പ് ഇവിടെ ജനവാസമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഈ ശിലാചിത്രമെന്ന് ഇവര്‍ പറഞ്ഞു. ചരിത്ര സ്മാരകമായി ശിലാചിത്രം സംരക്ഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സമീപപ്രദേശമായ എരിക്കുളം വലിയപാറയില്‍ തോരണത്തിന്റെ ആകൃതിയിലുള്ള പുരാതന ചിത്രങ്ങളും കാണപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."