പോഗ്ബയ്ക്കായി റെക്കോര്‍ഡ് തുക
ലണ്ടന്‍: യുവന്റസ് താരം പോള്‍ പോഗ്ബയ്ക്ക് വമ്പന്‍ വാഗ്ദാനവുമായി മാഞ്ച്സ്റ്റര്‍ യുനൈറ്റഡ്. 130 മില്യണാണ് താരത്തിനായി ക്ലബ് വാഗ്ദാനം ചെയ്യുന്ന തുക. യുനൈറ്റഡിന്റെ പുതിയ കോച്ച് ഹോസെ മൗറിഞ്ഞോയ്ക്ക് പോഗ്ബയെ ക്ലബിലെത്തിക്കാന്‍ താല്‍പര്യമുണ്ട്. ഇതിനായി നിലവിലുള്ള ടീമില്‍ ഫലപ്രദമല്ലാത്ത എട്ടു കളിക്കാരെ കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.
22 അംഗമുള്ള ടീമിനെ നിലനിര്‍ത്താനാണ് മൗറീഞ്ഞോ താല്‍പര്യപ്പെടുന്നത്. ശേഷമുളള താരങ്ങളെ ലോണിലൂടെയും മറ്റും കൈമാറുമെന്ന് ക്ലബ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിലവില്‍ 30 അംഗ ടീമാണ് ഉള്ളത്. അര്‍ജന്റീന പ്രതിരോധ താരം മാര്‍കസ് റോജോ, ഫ്രഞ്ച് മധ്യനിര താരം മോര്‍ഗന്‍ ഷ്‌നൈദെര്‍ലിന്‍, ജര്‍മന്‍ താരം ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റിഗര്‍ എന്നിവരെ ഒഴിവാക്കുമെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ ഇവരെല്ലാം നിറം മങ്ങിയ പ്രകടനമാണ് കാഴ്ച്ചവച്ചത്. മെംഫിസ് ഡീപേ, ഡാലി ബ്ലിന്‍ഡ്, ജുവാന്‍ മാറ്റ എന്നിവരെ നിലനിര്‍ത്താന്‍ മൗറിഞ്ഞോയ്ക്ക് ആഗ്രഹമില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
മധ്യനിരയില്‍ മികച്ച താരത്തെ കൊണ്ടു വന്ന് ടീമിന്റെ ഗെയിം പ്ലാന്‍ മാറ്റാനാണ് മൗറീഞ്ഞോയുടെ ശ്രമം. പോഗ്ബ ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് കരുതുന്നത്. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡുമായിട്ടാണ് പോഗ്ബയുടെ കാര്യത്തില്‍ മൗറീഞ്ഞോയുടെ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."