ചൈനീസ് ഓഹരികള്‍ തടയുന്ന ബില്‍ യു.എസ് സെനറ്റ് പാസാക്കി
വാഷിങ്ടണ്‍: യു.എസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ചൈനീസ് കമ്പനികളുടെ ഓഹരി ലിസ്റ്റിങ് നിരോധിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സുപ്രധാന ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം നല്‍കി. സെനറ്റ് ഏകകണ്ഠമായി അംഗീകരിച്ച ബില്ല് ചൈനീസ് കമ്പനികളായ അലിബാബ, ബൈഡു തുടങ്ങിയവയേയാണ് കാര്യമായി ബാധിക്കുക.
ഇരു രാജ്യങ്ങള്‍ തമ്മില്‍ കൊവിഡ്, ഹോങ്കോങ്, വ്യാപാര കരാര്‍ എന്നിവയുടെ പേരില്‍ പോരടിക്കുന്നതിനിടെയാണ് പുതിയ നീക്കം.
ലൂസിയാനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡിയും മേരിലാന്‍ഡില്‍ നിന്നുള്ള ഡെമോക്രാറ്റ് ക്രിസ് വാന്‍ ഹോളനും ആണ് ബില്ല് സെനറ്റില്‍ അവതരിപ്പിച്ചത്.
ബില്‍ പ്രകാരം ഇനി മുതല്‍ കമ്പനികള്‍ വിദേശ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലല്ലെന്ന് സാക്ഷ്യപ്പെടുത്തണം. കമ്പനിക്ക് വിദേശ നിയന്ത്രണത്തിലല്ലെന്ന് കാണിക്കാന്‍ കഴിയുന്നില്ലെങ്കിലോ പബ്ലിക് കമ്പനി അക്കൗണ്ടിങ് ഓവര്‍സൈറ്റ് ബോര്‍ഡിന് തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തേക്ക് കമ്പനി ഓഡിറ്റ് ചെയ്ത് വിദേശ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലല്ലെന്ന് നിര്‍ണയിക്കാന്‍ കഴിയുന്നില്ലെങ്കിലോ കമ്പനിയുടെ സെക്യൂരിറ്റികള്‍ യു.എസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് നിരോധിക്കും.
ഇരു രാജ്യങ്ങലും തമ്മിലുള്ള സംഘര്‍ഷം മുറുകാന്‍ വഴി തെളിക്കുന്നതാണ് പുതിയ ബില്‍. പുതിയ ശീതയുദ്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചൈന നിയമങ്ങള്‍ പാലിക്കണമെന്നും ജോണ്‍ കെന്നഡി സെനറ്റില്‍ പറഞ്ഞു.
പുതിയ പ്രമേയം പാസായതോടെ യു.എസിലെ ഏറ്റവും വലിയ ചൈനീസ് സ്ഥാപനങ്ങളായ ബൈഡു, അലിബാബ എന്നിവയുള്‍പ്പെടെയുള്ളവയുടെ ഓഹരി വില ഇടിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."