കുമാരനെല്ലൂര്‍ വില്ലേജ് ഓഫിസര്‍ക്കെതിരേ പരാതിയുമായി കൂടുതല്‍ പേര്‍
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂര്‍ വില്ലേജ് ഓഫിസര്‍ക്കെതിരേ പരാതിയുമായി നിരവധി പേര്‍. രണ്ടുമാസത്തോളം വില്ലേജ് ഓഫിസില്‍ കയറിയിറങ്ങിയിട്ടും രേഖകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ തിങ്കളാഴ്ച ആത്മഹത്യ ഭീഷണി മുഴക്കിയത് വിവാദമായ സാഹചര്യത്തിലാണ് വില്ലേജ് ഓഫിസര്‍ക്കെതിരേ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയത്.
ഇവര്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് രേഖകള്‍ നല്‍കാതിരിക്കലും ആളുകളെ മണിക്കൂറുകളോളം ഓഫിസില്‍ നിര്‍ത്തലും പതിവാണെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പിതാവ് ഉപേക്ഷിച്ച് പോയ വിദ്യാര്‍ഥിനിയെ ഇവര്‍ അപമാനിച്ചതായുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്.
പിതാവ് ഉപേക്ഷിച്ച് പോയ മരഞ്ചാട്ടി സ്വദേശിയായ വിദ്യാര്‍ഥിനി കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിനായി എത്തിയപ്പോള്‍ ഇവരെ നിരവധി പേരുടെ മുന്നില്‍ വച്ച് അപമാനിച്ചതായാണ് പരാതി. അപമാനം സഹിച്ചും സര്‍ട്ടിഫിക്കറ്റിനായി കാത്തിരുന്ന തന്നോട് എറെ സമയത്തിന് ശേഷം പിതാവ് ഉപേക്ഷിച്ച് പോയി എന്നതിന് രണ്ട് സാക്ഷികള്‍ വേണമെന്നറിയിക്കുകയും അതു പ്രകാരം സാക്ഷികളേയുമായെത്തിയപ്പോള്‍ വീണ്ടും ഏറെ നേരം കാത്ത് നിര്‍ത്തിയതായും വിദ്യാര്‍ഥിനി പറഞ്ഞു.
പ്രായമായ ഒരാളെയും ജോലിക്ക് പോയ മറ്റൊരാളെയുമായി എത്തിയ പെണ്‍കുട്ടി ഏറെ കാത്തിരുന്നെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതുമില്ല. സംഭവത്തില്‍ വിദ്യാര്‍ഥിനി പട്ടികജാതി വകുപ്പ് മന്ത്രിക്കും മുക്കം പൊലിസിലും പരാതി നല്‍കി. വീടിന്റെ മുറ്റം കാലവര്‍ഷത്തില്‍ തകര്‍ന്നതിന് പരാതി നല്‍കാനെത്തിയ യുവതിക്കും ഇവിടെ നിന്ന് ദുരനുഭവമാണ് ഉണ്ടായത്.
ഇത്തരത്തില്‍ നിരവധി പേരാണ് കുമാരനെല്ലൂര്‍ വില്ലേജ് ഓഫിസറില്‍ നിന്നുണ്ടായ ദുരനുഭവവും പ്രയാസങ്ങളും പങ്കുവച്ചത്. അതേസമയം വില്ലേജ് ഓഫിസര്‍ക്കെതിരേ ഇന്നലെയും പ്രതിഷേധവുമായി സി.പി.എം പ്രവര്‍ത്തകരെത്തി. ബ്ലോക്ക് പഞ്ചായത്തംഗം വി. ജയപ്രകാശിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ ആസൂത്രിത നീക്കത്തിന്റെ ഫലമാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് ജയപ്രകാശ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."