ജോലി വാഗ്ദാനംചെയ്ത് ഒന്നരക്കോടിയോളം തട്ടിയ സംഭവം: ഒരാള്‍ അറസ്റ്റില്‍
വടകര: വിദേശവിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് ഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്ത യുവാവ് പിടിയില്‍. കോഴിക്കോട് പന്നിയങ്കര കല്ലായിയില്‍ ഹുസ്‌ന നിവാസില്‍ അഹദീസ് (30) നെയാണ് വടകര സി.ഐ. എം.എം അബ്ദുല്‍ കരീം, എസ്.ഐ. കെ.പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ അറസ്റ്റ് ചെയ്തത്.
വടകര അടക്കാത്തെരുവില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍ ഏവിയേഷന്‍ കോളജ് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ വടകര പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നായി ഇരുപതോളം പേരില്‍നിന്ന് 1.20 ലക്ഷം രൂപ മുതല്‍ 1.25 ലക്ഷം രൂപവരെ ഇയാള്‍ തട്ടിയെടുത്തതായി പൊലിസ് പറഞ്ഞു. അഹദീസ് പിടിയിലായതോടെ കൂടുതല്‍പേര്‍ പരാതിയുമായി മലബാര്‍ മേഖലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ എത്തിയിട്ടുണ്ട്. റിയല്‍ ഏവിയേഷന്‍ കോളജിലെ ആറ് വിദ്യാര്‍ഥികളില്‍നിന്ന് വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 1.25 ലക്ഷം രൂപ വീതം ഇയാള്‍ കൈക്കലാക്കി. ജോലിയും പണവും കിട്ടാതായതോടെ വിദ്യാര്‍ഥികള്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. 2013 മുതല്‍ ഡല്‍ഹിയിലെ ഛത്തര്‍പുരിയിലാണ് ഇയാളുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂരില്‍നിന്ന് അഞ്ചുതവണ വിദ്യാര്‍ഥികളെ ഓഫിസില്‍ എത്തിച്ച് ഇയാള്‍ അഭിമുഖവും നടത്തിയിരുന്നു. ജോലിവേണമെന്ന വ്യാജേന പണം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ വിസ ആവശ്യപ്പെട്ട് പ്രതിയെ ഫോണില്‍ വിളിച്ച് കാസര്‍കോട് എത്തിക്കുകയായിരുന്നു. ഇനിയും പരാതികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും സി.ഐ അബ്ദുല്‍ കരീം പറഞ്ഞു. വടകര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."