ദേശീയ രാഷ്ട്രീയത്തില്‍ അധികാരമോഹികളുടെ ചാഞ്ചാട്ടം: കൂറുമാറ്റക്കാലം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അധികാരമോഹികളുടെ മറുകണ്ടം ചാടലുകളും കൂറുമാറ്റങ്ങളും തുടരുന്നു. ജെ.ഡി.എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ഉള്‍പ്പെടെ അഞ്ചുപേരാണ് ഇന്നലെ പാര്‍ട്ടി മാറിയത്. രാഷ്ട്രീയ രംഗത്ത് അപ്രതീക്ഷിത നീക്കം നടത്തിയ ഡാനിഷ് അലി ജെ.ഡി.എസില്‍നിന്ന് രാജിവച്ച് ബി.എസ്.പിയില്‍ ചേര്‍ന്നു. അദ്ദേഹം ബി.എസ്.പി സ്ഥാനാര്‍ഥിയായി ഉത്തര്‍പ്രദേശില്‍ നിന്നായിരിക്കും ജനവിധി തേടുകയെന്നാണ് വിവരം.
ദിവസങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകയിലെ ജെ.ഡി.എസ് - കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചയിലായിരുന്നു അദ്ദേഹം. അതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുമായി കൊച്ചിയിലും കൂടിക്കാഴ്ച നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് ബി.എസ്.പിയില്‍ ചേര്‍ന്നത്. എന്നാല്‍ ദേശീയ പ്രസിഡന്റ് ദേവ ഗൗഡയുടെ അനുമതിയോടെയാണ് ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നതെന്ന് എച്ച് .ഡി കുമാരസ്വാമി അവകാശപ്പെട്ടു. ലോക്‌സഭയില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുകയെന്ന ബി.എസ്.പിയുമായുള്ള ധാരണയുടെ ഭാഗമാണിതെന്നും കുമാരസ്വാമി പറഞ്ഞു.
യു.പിയിലെ അംറോഹയിലായിരിക്കും ഡാനിഷ് അലി മത്സരിക്കുകയെന്നറിയുന്നു. അദ്ദേഹത്തിന് പാര്‍ട്ടിയില്‍ എന്തുപദവി നല്‍കണമെന്ന് മായാവതി തീരുമാനിക്കുമെന്ന് ബി.എസ്.പി നേതാവ് സതീഷ് ചന്ദ്രമിശ്ര പറഞ്ഞു.
ഒഡിഷയില്‍ ബി.ജെ.ഡി എം.പി ബാലഭദ്ര മാജിയാണ് പാര്‍ട്ടിമാറിയവരില്‍ മറ്റൊരാള്‍. നബരംഗ്പുര്‍ ലോക്‌സഭാ അംഗമായ അദ്ദേഹം ബി.ജെ.പിയിലാണ് ചേര്‍ന്നത്. ബി.ജെ.പി ആസ്ഥാനത്തെത്തിയ മാജി കേന്ദ്ര പെട്രോളിയം മന്ത്രിയും ബി.ജെ.പി നേതാവുമായ ധര്‍മ്മേന്ദ്രപ്രധാനില്‍നിന്ന് അംഗത്വം സ്വീകരിച്ചു.
പിന്നാലെ അദ്ദേഹം ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. മാജി എവിടെയാണ് മത്സരിക്കുകയെന്ന് വ്യക്തമായിട്ടില്ല.
ബി.ജെ.പി അലഹബാദ് എം.പി ശ്യാമ ചരണ്‍ ഗുപ്തയാണ് രാജിവച്ച് മറ്റൊരാള്‍. സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം യു.പിയിലെ ഗുപ്ത ബാണ്ട മണ്ഡലത്തില്‍ മത്സരിക്കും. നേരത്തെ സമാജ്‌വാദി പാര്‍ട്ടി അംഗമായിരുന്ന ഗുപ്ത 1999ല്‍ ഇതേ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.
എന്നാല്‍ ബി.എസ.്പി സ്ഥാനാര്‍ഥിയോട് തോറ്റു. 2004ല്‍ വീണ്ടും അവിടെ മത്സരിച്ചു ജയിച്ചു. 2009ല്‍ ഫൂല്‍പൂരില്‍ മത്സരിച്ചു തോറ്റു.
2014ല്‍ പാര്‍ട്ടിവിട്ട ഗുപ്ത അലഹബാദില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിക്കുകയായിരുന്നു. ബനിയ വിഭാഗക്കാരനായ ഗുപ്ത രാജിവച്ചത് ബി.ജെ.പിയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പുറത്തുവിടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഗുപ്തയുടെ രാജി.
ഉത്തരാഖണ്ഡിലെ ബി.ജെ.പി മുന്‍ മുഖ്യമന്ത്രി ബി.സി ഖണ്ടൂരിയുടെ മകന്‍ മനീഷ് ഖണ്ഡുരി കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ഇന്നലെയുണ്ടായ മറ്റൊരു സുപ്രധാന രാഷ്ട്രീയനീക്കം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു മനീഷിന്റെ പാര്‍ട്ടി പ്രവേശനം. പാര്‍ലമെന്റ് ഡിഫന്‍സ് കമ്മിറ്റിയുടെ ചെയര്‍മാനായ ബി.സി ഖണ്ഡുരിയെ കഴിഞ്ഞ വര്‍ഷം ഈ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചതിനും സത്യം പറഞ്ഞതിനുമാണ് ഖണ്ഡൂരിയെ നീക്കിയതെന്ന് രാഹുല്‍ പറഞ്ഞു.
അസമിലെ തേജ്പൂര്‍ മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി എം.പി രാംപ്രസാദ് ശര്‍മ പാര്‍ട്ടി വിട്ടതാണ് മറ്റൊന്ന്. തന്നെ അവഗണിച്ചതിനാലാണ് പാര്‍ട്ടിവിട്ടതെന്ന് ശര്‍മ്മ പറഞ്ഞു. പാര്‍ട്ടിയിലെ പുതിയ ആളുകളെ പഴയ നേതാക്കള്‍ പരിഗണിക്കുന്നില്ലെന്നും ശര്‍മ്മ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."