ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിക്കുന്നു
#മനു റഹ്മാന്‍
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു. ഏപ്രില്‍ രണ്ട്, മൂന്ന് തിയതികളിലെ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയമാണ് സൂചനാ സമരത്തിന്റെ ഭാഗമായി ബഹിഷ്‌കരിക്കുകയെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ വ്യക്തമാക്കി.
അടുത്ത മാസം ഒന്നിനാണ് ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണം ആരംഭിക്കുക. മുന്‍കാലങ്ങളില്‍ ഇടതുസര്‍ക്കാര്‍ നടപ്പാക്കിയ ഡി.പി.ഇ.പി പോലുള്ള തുഗ്ലക്ക് പരിഷ്‌കാരമാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നിലുള്ളതെന്നും ഇത് സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്ന പ്രവര്‍ത്തനമാണെന്നുമാണ് സംഘടനകള്‍ ആരോപിക്കുന്നത്.
നിലവില്‍ കേരളം ഉള്‍പ്പെടെ രാജ്യം മുഴുവന്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ നടക്കുന്നത് എന്‍.സി.ഇ.ആര്‍.ടി (നാഷനല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലാണ്. ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ നിലവിലെ എന്‍.സി.ആര്‍.ടി സിലബസ് എസ്.ഇ.ആര്‍.ടി (സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) സിലബസായി മാറുന്നതോടെ ദേശീയതലത്തില്‍ നടത്തപ്പെടുന്ന മെഡിക്കല്‍-എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകളില്‍ കേരളത്തില്‍നിന്നുള്ള കുട്ടികള്‍ക്ക് ഇതര സംസ്ഥാനക്കാരുമായി മത്സരിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയാണ് ഉണ്ടാവുകയെന്ന് ഖാദര്‍ കമ്മിറ്റിയെ എതിര്‍ക്കുന്ന വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇടതുപക്ഷ അധ്യാപക സംഘടനയായ കെ.എസ്.ടി.എ (കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍) ഒഴികെയുള്ള അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ എഫ്.എച്ച്.എസ്.ടി.എ (ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍)യുടെ നേതൃത്വത്തിലാണ് ബഹിഷ്‌കരണം.
കെ.എച്ച്.എസ്.ടി.യു (കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍), കെ.പി.എസ്.ടി.എ (കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍), കെ.എച്ച്.എസ്.ടി.യു (കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍) തുടങ്ങിയ സംഘടനകളാണ് എഫ്.എച്ച്.എസ്.ടി.എക്ക് കീഴില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നത്.
സിലബസ് ലഘൂകരണം ലക്ഷ്യമിട്ടാണ് എന്‍.സി.ആര്‍.ടി സിലബസിന് പകരം എസ്.ഇ.ആര്‍.ടി സിലബസ് നടപ്പാക്കുന്നതെന്നാണ് ഇടതുസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ സിലബസ് ലഘൂകരണത്തിന് ശ്രമിക്കാതെ അഖിലേന്ത്യാ തലത്തില്‍ മത്സരപരീക്ഷകളില്‍ പിന്നാക്കം പോകാതിരിക്കാന്‍ കുട്ടികളുടെ ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കാന്‍ ഉതകുന്ന നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങേണ്ടതെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നിലപാട്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍നിന്ന് വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നതിന് സിലബസ് മാറ്റം ഇടയാക്കും.
കുട്ടികള്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുമെന്ന വിശ്വാസത്തില്‍ എന്‍.സി.ആര്‍.ടി, ഐ.സി.എസ്.ഇ (ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍) സിലബസില്‍ പാഠ്യപദ്ധതി പിന്തുടരുന്ന അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് പോകുകയാവും ഇതിലൂടെ സംഭവിക്കുക.
വന്‍തോതില്‍ കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതോടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുന്നതിനൊപ്പം അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ തൊഴില്‍ സുരക്ഷിതത്വത്തിനും ഇത് ഭീഷണിയാവും.
പുതിയ അധ്യയന വര്‍ഷമായ ജൂണില്‍ തന്നെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഇടതുസര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് അധ്യാപകര്‍ ശക്തമായ പ്രക്ഷോഭത്തിനായി ഒരുങ്ങുന്നത്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."