റിമാന്‍ഡ് പ്രതികള്‍ക്കു കൊവിഡ്: മജിസ്‌ട്രേറ്റും സി.ഐയുമടക്കം 40 പേര്‍ ക്വാറന്റൈനില്‍
സ്വന്തം ലേഖകന്‍
കണ്ണൂര്‍: ജില്ലയില്‍ രണ്ടു റിമാന്‍ഡ് പ്രതികള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു മജിസ്‌ട്രേറ്റ്, സി.ഐ, എസ്.ഐ , 31 പൊലിസുകാരും ഉള്‍പ്പെടെ 40 പേര്‍ ക്വാറന്റൈനില്‍. പയ്യന്നൂര്‍ മജിസ്‌ട്രേറ്റ്, എട്ടു ജീവനക്കാര്‍, കണ്ണപുരം പൊലിസ് സ്റ്റേഷനിലെ സി.ഐ, എസ്.ഐ ഉള്‍പ്പെടെ 27 പൊലിസുകാര്‍, ചെറുപുഴ പൊലിസ് സ്റ്റേഷനിലെ നാലു പൊലിസുകാര്‍ എന്നിവരാണു ക്വാറന്റൈനില്‍ പ്രവേശിച്ചത്.
പൊലിസുകാരിയെ അപമാനിച്ചെന്ന കേസില്‍ 23നു കണ്ണപുരം പൊലിസ് അറസ്റ്റുചെയ്ചത ഇടക്കേപ്പുറം സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണു രോഗബാധ.
അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇന്നലെ പരിശോധനാ ഫലം വന്നപ്പോഴാണു രോഗം സ്ഥിരീകരിച്ചത്.
ഇതേതുടര്‍ന്നു പ്രതിയെ ആശുപത്രിയിലും കോടതിയിലും ജയിലിലും എത്തിച്ചവര്‍, ശനിയാഴ്ച സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എച്ച്.ഒ ഉള്‍പ്പെടെ 27 പൊലിസുകാരോടു ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.
ഒന്നര മാസം മുന്‍പ് ചെറുപുഴ തട്ടുമ്മലില്‍ മുള്ളന്‍പന്നിയെ വേട്ടയാടിയ കേസില്‍ 21നു പയ്യന്നൂര്‍ കോടതിയില്‍ കീഴടങ്ങി കണ്ണൂര്‍ സബ് ജയിലിലില്‍ റിമാന്‍ഡില്‍ കഴിയുന്ന 49കാരനാണു മറ്റൊരു കൊവിഡ് ബാധിതന്‍. ജയിലിലേക്കു കൊണ്ടുപോകും മുമ്പ് വൈദ്യപരിശോധനയ്ക്കിടെയാണ് ഇയാള്‍ക്കും കൊവിഡ് പരിശോധന നടത്തിയത്.
ഇതേതുടര്‍ന്നു പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്, എട്ടു ജീവനക്കാര്‍, അന്നു കോടതി ഡ്യൂട്ടി എടുത്ത ചെറുപുഴ സ്റ്റേഷനിലെ വനിതാ സിവില്‍ പൊലിസ് ഓഫിസര്‍, റിമാന്‍ഡ് പ്രതിയെ കണ്ണൂര്‍ സബ് ജയിലിലേക്കു കൊണ്ടുപോയ പൊലിസ് ജീപ്പ് ഡ്രൈവര്‍, പ്രിസണ്‍ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ എന്നിവര്‍ ആരോഗ്യവകുപ്പ് നിര്‍ദേശത്തെ തുടര്‍ന്നു ക്വാറന്റൈനില്‍ പോയി.
പ്രതിക്കായി കോടതിയില്‍ ഹാജരായ അഭിഭാഷകനും അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാരും ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ട്. പയ്യന്നൂര്‍ കോടതിയും കണ്ണപുരം, ചെറുപുഴ പൊലിസ് സ്റ്റേഷനുകളും അഗ്‌നിശമന സേനയെത്തി അണുവിമുക്തമാക്കി.
കണ്ണൂര്‍ സബ് ജയിലിലായിരുന്ന കൊവിഡ് ബാധിതരെ അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റി.
ജയിലില്‍ സാമൂഹിക അകലം പാലിച്ച് വെവ്വേറെ ഇടങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. കൊവിഡ് കാലത്ത് പ്രതികളെ പാര്‍പ്പിക്കുന്നതിനു ജയില്‍ വകുപ്പ് നേരത്തെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."