രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 2,293 രാഷ്ട്രീയ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എത്ര രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെട്ട പാര്‍ട്ടികളുടെ കണക്ക് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടു. കണക്കുപ്രകാരം ചെറുതും വലുതുമായി 2,293 പാര്‍ട്ടികളുണ്ടെന്നാണ് കമ്മിഷന്‍ പറയുന്നത്. ഒരുപക്ഷെ ലോകത്തെ ഒരു രാജ്യത്തിലും ഇത്രയധികം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും പുതിയ ഡാറ്റയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാര്‍ച്ച് ഒന്‍പത് വരെ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളുടെ എണ്ണമാണ് 2,293 എന്നത്. ഇവയില്‍ ഏഴ് പാര്‍ട്ടികള്‍ക്ക് ദേശീയ അംഗീകാരവും 59 പാര്‍ട്ടികള്‍ക്ക് സംസ്ഥാന അംഗീകാരവും ഉണ്ട്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പായി 149 രാഷ്ട്രീയ പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ 2,143 രാഷ്ട്രീയ പാര്‍ട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, മിസോറം, ഛത്തിസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി 58 രാഷ്ട്രീയ പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തത്.
അടുത്തിടെ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളാണ് ബിഹാറിലെ ബഹുജന്‍ ആസാദ് പാര്‍ട്ടി, യു.പിയിലെ സാമൂഹിക ഏകതാ പാര്‍ട്ടി, രാജസ്ഥാനിലെ സാഫ് നിതീ പാര്‍ട്ടി, ഡല്‍ഹിയിലെ സബ്‌സി ബഡി പാര്‍ട്ടി , തെലങ്കാനയിലെ ബറോസ പാര്‍ട്ടി, തമിഴ്‌നാട്ടിലെ ന്യൂ ജനറേഷന്‍ പീപ്പിള്‍സ് പാര്‍ട്ടി തുടങ്ങിയവ.
അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു. അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ അംഗീകാരം നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പില്‍ ഒരു നിശ്ചിത ശതമാനം വോട്ട് ലഭിച്ചിരിക്കണം. അല്ലെങ്കില്‍ നിശ്ചിത എണ്ണം അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടണം. ഇത് സംസ്ഥാന നിയമസഭകളിലേക്കോ അല്ലെങ്കില്‍ അവസാനമായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലോ നേടുന്ന വോട്ടുകളുടെ അല്ലെങ്കില്‍ അംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കാക്കുക.
രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക സ്രോതസുകള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ്. 2005നും 2015നും ഇടയില്‍ 255 രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക സ്രോതസ് കര്‍ശന പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ സാമ്പത്തിക സ്രോതസ് കണക്കാക്കിയിട്ടില്ല. അതേസമയം ഇത്തരം പാര്‍ട്ടികള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നതിനുള്ള വ്യക്തമായ തെളിവുകള്‍ പ്രത്യക്ഷ നികുതി ബോര്‍ഡിന് ലഭിച്ചിട്ടുണ്ട്.
അതിനിടയില്‍ ചില പാര്‍ട്ടികള്‍ കൂടുതല്‍ കാലം നിലനില്‍ക്കാതിരിക്കുകയോ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."