'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന
ന്യൂഡല്‍ഹി: യെച്ചൂരിയെന്ന അതികായന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താന്‍ സി.പി.എമ്മിന് പ്രതിസന്ധികളേറെ. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികള്‍ക്ക് പിന്നാലെ പാര്‍ട്ടി തിരുത്തല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് യെച്ചൂരിയുടെ വിയോഗം. തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ ആര് നയിക്കുമെന്നത് ചോദ്യ ചിഹ്നമായിരിക്കുകയാണ്.
താത്കാലിക ജനറല്‍ സെക്രട്ടറിയായി ആരെയെങ്കിലും നിയമിക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഇതുവരെ ചിന്തിച്ചിട്ടില്ല. ഈ മാസം അവസാനം ചേരുന്ന പോളിറ്റ്ബ്യുറോ യോഗവും കേന്ദ്ര കമ്മിറ്റി യോഗവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പുതിയ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ അടിയന്തര പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സമ്മേളനങ്ങള്‍ തുടങ്ങിയപ്പോഴാണ് സീതാറാം യെച്ചൂരിയുടെ വേര്‍പാട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച്ക്ക് വെക്കേണ്ട കരടില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ട ആഴ്ചയാണ് കടന്നുപോകുന്നത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ കരട് രൂപീകാരണത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നത് യെച്ചൂരിയായിരുന്നു. 25 ദിവസം ആശുപത്രി കിടക്കയില്‍ തന്നെ ആയിരുന്നതിനാല്‍ റെസിഡന്‍സ് പിബി ചേര്‍ന്നു ഒരുക്കിയ സംവിധാനത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയിരുന്നത്.
ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെ ഒരാള്‍ മരിക്കുന്നത് സിപിഎമ്മിനെ സംബന്ധിച്ച് ആദ്യ അനുഭവമാണ്.
പോളിറ്റ്ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ട്, മുഹമ്മദ് സലീം, എം.എ. ബേബി, ബി.വി. രാഘവലു, മണിക് സര്‍ക്കാര്‍ തുടങ്ങിയ പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയരുന്നത്. കണ്ണൂരില്‍ നടന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയുടെ പ്രായം 75 നിജപ്പെടുത്തിയിരുന്നു. ഇതില്‍ ഇളവ് നല്‍കിയാല്‍ മാത്രമേ വൃന്ദ കാരാട്ടിന് സാധ്യതയുള്ളൂ.
2015ല്‍, പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞതിന് പിന്നാലെയാണ് യെച്ചൂരി എത്തുന്നത്. കാരാട്ടിന്റെ കാലാവധി അവസാനിച്ചപ്പോള്‍ വി.എസ് പക്ഷത്ത് നിലനിന്നിരുന്ന യെച്ചൂരിയെ പകരക്കാരനാക്കുന്നതിന് പകരം എസ്. രാമചന്ദ്രന്‍ പിള്ളയെ കൊണ്ടുവരാന്‍ കേരളഘടകം ശക്തമായ നീക്കം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."