റോഹോയുടെ തോളിലേറി അര്‍ജന്റീന
സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളിലും അര്‍ജന്റീനയുടെ രക്ഷകനായി അവതരിച്ചിരിക്കുകയാണ് മാര്‍ക്കോ റോഹോയെന്ന പ്രതിരോധ ഭടന്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രതിരോധത്തിന്റെ നട്ടെല്ല്. കഴിഞ്ഞ ദിവസം നടന്ന അര്‍ജന്റീന-നൈജീരിയ മത്സരത്തില്‍ 86-ാം മിനുട്ടില്‍ അര്‍ജന്റീനയുടെ രക്ഷകനായി അവതരിച്ചത് റോഹോയായിരുന്നു. നിര്‍ഭാഗ്യത്തിനും പ്രീക്വാര്‍ട്ടറിനുമിടയില്‍ എട്ട് മിനുട്ടിന്റെ ദൈര്‍ഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. ലോകത്തെ കോടാനുകോടി ഫുട്‌ബോള്‍ ആരാധകരുടെ കണ്‍കണ്ട ഹീറോ. നിര്‍ണായക പോരാട്ടത്തില്‍ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
നൈജീരിയയുടെ പ്രീക്വാര്‍ട്ടര്‍ മോഹങ്ങളെ ഇത് രണ്ടാം തവണയാണ് റോഹോ ഊതിക്കെടുത്തുന്നത്. 2014 ലോകകപ്പിലും റോഹോ നൈജീരിയക്കെതിരേ ഗോള്‍ നേടിയിരുന്നു. അന്ന് മെസ്സിയുടെ രണ്ട് ഗോളില്‍ മുന്നില്‍ കടന്ന അര്‍ജന്റീനയെ അഹമ്മദ് മൂസയുടെ രണ്ട് ഗോളുകളില്‍ നൈജീരിയ ഒപ്പം എത്തിച്ചു. 50-ാം മിനുട്ടില്‍ ഗോള്‍ നേടി റോഹോ ആയിരുന്നു അന്നും രക്ഷകനായത്. ഇതുവരെ മൂന്ന് അന്താരാഷ്ട്ര ഗോളുകള്‍ ആണ് റോഹോ നേടിയിട്ടുള്ളത്. അതില്‍ രണ്ടെണ്ണം നൈജീരിയക്കെതിരേ ലോകകപ്പിലും ഒന്നു പരാഗ്വേക്കെതിരേ കോപ്പ അമേരിക്കയിലും. ഒത്തൊരുമയോടെ കളിച്ച അര്‍ജന്റീന 14-ാം മിനുട്ടില്‍ മെസ്സിയിലൂടെയായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ലീഡ് നേടിയത്.
മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് എവര്‍ ബനേഗ നല്‍കിയ മനോഹര പാസ്സ് തുടയില്‍ നിയന്ത്രിച്ച മെസ്സി പന്ത് മുന്നോട്ട് തള്ളി തന്റെ വലം കാല് കെണ്ട് തൊടുത്ത കിടിലന്‍ ഷോട്ട് നൈജീരിയന്‍ വലയില്‍ പതിച്ചു. ഈ ലോകകപ്പിലെ മെസ്സിയുടെ ആദ്യ ഗോള്‍. ഗോള്‍ നേടിയ അര്‍ജന്റീന നൈജീരിയന്‍ ഗോള്‍ മുഖത്തേക്ക് ഇരമ്പിയാര്‍ത്തെങ്കിലും പ്രതിരോധത്തിലേക്ക് വലിഞ്ഞ് നൈജീരിയ ചെറുത്തു. 49-ാം മിനുട്ടില്‍ അര്‍ജന്റീനന്‍ താരം മഷരാനോ വരുത്തിയ ഫൗളിന് റഫറി നൈജീരിയക്ക് പെനാല്‍റ്റി നല്‍കി. കിക്കെടുത്ത വിക്ടര്‍ മോസസ് പിഴവ് കൂടാതെ പന്ത് വലയിലാക്കി. സ്‌കോര്‍ 1-1. മൂസയുടെ മികച്ച നീക്കങ്ങള്‍ പലപ്പോഴും അര്‍ജന്റൈന്‍ ഗോള്‍ മുഖത്ത് അപകടം വിതച്ചു.
ഗ്രൂപ്പ് ഡിയിലെ തന്നെ മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഐസ്‌ലന്റിനെ പരാജയപ്പെടുത്തിയതോടെയാണ് അര്‍ജന്റീനയുടെ ആദ്യ റൗണ്ടിലെ മിഷന്‍ അവസാനിച്ചത്. ഒരു പക്ഷെ ക്രൊയേഷ്യ തോല്‍ക്കുകയാണെങ്കില്‍ അര്‍ജന്റീന ജയിച്ചിരുന്നെങ്കിലും പുറത്തു പോകേണ്ടി വരുമായിരുന്നു.
മെസ്സിക്ക് റെക്കോര്‍ഡ്
മോസ്‌കോ: കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ അര്‍ജന്റീന നൈജീരിയയെ പരാജയപ്പെടുത്തിയതോടെ മെസ്സി ഒരു റെക്കോര്‍ഡ് സ്വന്തമാക്കി. മെസ്സി പങ്കെടുത്ത എല്ലാ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ക്ലബിനൊപ്പവും രാജ്യത്തിനൊപ്പവുമുള്ള എല്ലാ ടൂര്‍ണമെന്റിലും മെസ്സി പ്രാഥമിക റൗണ്ട് കടന്നിട്ടുണ്ട്. ലോകകപ്പ്, കോപ അമേരിക്ക, ചാംപ്യന്‍സ് ലീഗ്, ഒളിംപിക്‌സ് തുടങ്ങി പ്രധാനപ്പെട്ട 23 ടൂര്‍ണമെന്റുകളിലാണ് മെസ്സി പങ്കെടുത്തിട്ടുള്ളത്. ഇതിലെല്ലാം രണ്ടാം റൗണ്ടിലെത്താനും മെസ്സിക്ക് സാധിച്ചു.
മൂന്ന് ലോകകപ്പില്‍ ഒരു തവണ റണ്ണേഴ്‌സ് അപ്പായി. രണ്ട് തവണ ക്വാര്‍ട്ടര്‍ വരെ എത്തി. നാലു തവണ കോപ്പാ അമേരിക്കന്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തപ്പോള്‍ മൂന്ന് തവണ അര്‍ജന്റീന റണ്ണറപ്പായി. ഒരു പ്രാവശ്യം ക്വാര്‍ട്ടറില്‍ പുറത്തായി. 14 പ്രാവശ്യം ബാഴ്‌സലോണക്കൊപ്പം ചാംപ്യന്‍സ് ലീഗിനായി കളത്തിലിറങ്ങിയപ്പോള്‍ ഒരു തവണ പോലും ആദ്യ റൗണ്ടില്‍ പുറത്തായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."