വാഹനാപകടങ്ങള്‍: കേസ് ചുമതല ഇനി ലോക്കല്‍ പൊലിസിന്
തിരുവനന്തപുരം: വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പൊലിസില്‍നിന്ന് ലോക്കല്‍ പൊലിസിലേയ്ക്കു മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ട്രാഫിക് പൊലിസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ് ഈ തീരുമാനം.
അപകടങ്ങളുടെ അന്വേഷണച്ചുമതല ലോക്കല്‍ പൊലിസ് സ്റ്റേഷനുകളിലേക്കു മാറുമ്പോള്‍ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും സാധിക്കും. ട്രാഫിക് പൊലിസ് സ്റ്റേഷനുകളുടെ പേര് 'ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് 'എന്നാക്കി മാറ്റാനും തീരുമാനമായി. പുതുതായി ആരംഭിക്കുന്ന മട്ടന്നൂര്‍ എയര്‍പോര്‍ട്ട് (കണ്ണൂര്‍), ഇലവുംതിട്ട (പത്തനംതിട്ട), കണ്ണനല്ലൂര്‍ (കൊല്ലം), പന്തീരാങ്കാവ് (കോഴിക്കോട്), ഉടുമ്പന്‍ചോല (ഇടുക്കി), മേല്‍പ്പറമ്പ് (കാസര്‍കോട്) പൊലിസ് സ്റ്റേഷനുകളിലേക്ക് 186 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ഇതിനുപുറമേ 30 പേരെ സമീപ പൊലിസ് സ്റ്റേഷനുകളില്‍നിന്ന് പുനര്‍വിന്യസിക്കുകയും ചെയ്യും.
ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്‍ സ്ഥാപിക്കുന്നതിന് ഒരു കൃഷി ഓഫിസറുടെയും ഒരു കൃഷി അസിസ്റ്റന്റിന്റെയും തസ്തിക സൃഷ്ടിക്കും. കൊല്ലം ജില്ലയില്‍ പുനലൂര്‍ ആസ്ഥാനമായി പുതിയ റവന്യൂ ഡിവിഷന്‍ ആരംഭിക്കാനും ഇതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."