മഹാകവിക്ക് മരണശേഷവും സാംസ്‌കാരിക കേരളത്തിന്റെ അവഗണന
കാസര്‍കോട്: സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനും കവിയും പൊതുപ്രവര്‍ത്തകനുമായ കവി കയ്യാര്‍ കിഞ്ഞണ്ണറൈക്ക് മരണശേഷവും സാംസ്‌കാരിക കേരളത്തിന്റെ അവഗണന. കര്‍ണാടകയില്‍ നിന്നുള്ള മൂന്നു മന്ത്രിമാരും മുന്‍മന്ത്രിമാരും മുന്‍കേന്ദ്രമന്ത്രിയും അടക്കം വന്‍ പൗരാവലി കുടീരത്തില്‍ എത്തിയപ്പോഴും കേരളത്തില്‍ നിന്നുള്ള പ്രമുഖ സാംസ്‌കാരിക നായകന്മാരോ ജില്ലയിലെ പ്രമുഖരോ എത്തി നോക്കിയില്ല. സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് മാത്രമാണ് പേരിനെങ്കിലും എത്തിയത്. കര്‍ണാടകയില്‍ നിന്നും നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ എത്തിയപ്പോഴും ജില്ലയിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒരു അനുശോചന സമ്മേളനം പോലും നടത്താത്തതിനെതിരെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കാസര്‍കോട് ജില്ലക്കാരായ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും കിഞ്ഞണ്ണറൈക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയില്ല.
എന്നാല്‍ കര്‍ണാക സാഹിത്യ പരിഷത്ത്് സംസ്ഥാന അധ്യക്ഷന്‍ പ്രദീപ് കല്‍കുറയെപ്പോലുള്ള നിരവധി പ്രമുഖരാണ് കര്‍ണാടകയില്‍ നിന്നെത്തിയത്.
കര്‍ണ്ണാടക സര്‍ക്കാറിന്റെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ പംപ പുരസ്‌കാരം വരെ നല്‍കി ആദരിക്കപ്പെട്ടപ്പോഴും കവിയെ കേരളം അവഗണിക്കുകയായിരുന്നു. ഉള്ളൂരിന്റെ മലയാള സാഹിത്യ ചരിത്രം, ആശാന്റെ ചണ്ഡാലഭിക്ഷുകി, കരുണ, ചിന്താവിഷ്ടയായ സീത തുടങ്ങിയ കൃതികള്‍ കയ്യാര്‍ കിഞ്ഞണ്ണറൈ കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മലയാള സാഹിത്യ ചരിത്രം അദ്ദേഹത്തിന്റെ മികച്ച രചനകളിലൊന്നാണ്. മലയാളത്തില്‍ എക്കാലവും മികച്ചു നില്‍ക്കുന്ന കൃതികളെ കന്നടക്കാര്‍ക്ക് പരിചയപ്പെടുത്തിയിട്ടും കയ്യാര്‍ കിഞ്ഞണ്ണറൈയെ മലയാളം അവഗണിക്കാന്‍ പാടില്ലായിരുന്നുവെന്ന് നേരത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഇതര ഭാഷക്കാര്‍ക്കിടയില്‍ മലയാളത്തെ പരിചയപ്പെടുത്തുവാന്‍ അക്ഷീണം പ്രയത്‌നിച്ച കവിക്ക് മരണത്തിനു ശേഷവും കേരളം അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്നതാണ് സത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."