ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും
ഇന്നലെ ഡ്യൂട്ടിക്കെത്തിയത് മുന്നൂറോളം എം പാനലുകാര്‍
തിരുവനന്തപുരം: ഡ്യൂട്ടി പാസും ഷെഡ്യൂളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നേരത്തേ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് എം പാനല്‍ കൂട്ടായ്മ ഭാരവാഹികള്‍ വ്യക്തമാക്കി.
വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 23ന് നാലായിരത്തോളം വരുന്ന എം പാനലുകാരും കുടുംബങ്ങളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എം പാനല്‍ കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് എസ്.ഡി ജോഷിയും ജനറല്‍ സെക്രട്ടറി എം. ദിനേഷ് ബാബുവും അറിയിച്ചു. മന്ത്രിയുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് 47 ദിവസത്തെ സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല സമരം പിന്‍വലിച്ചത്. കണ്ടക്ടര്‍മാര്‍ അവധിയെടുക്കുന്ന ദിവസങ്ങളില്‍ എം പാനലുകാരെ ഡ്യൂട്ടിക്ക് നിയമിക്കുമെന്നായിരുന്നു ധാരണ. ഇതുപ്രകാരമാണ് ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മുന്നൂറോളംപേര്‍ ഡ്യൂട്ടിക്ക് കയറിയത്. എന്നാല്‍, ഇവര്‍ക്ക് ജോലിക്കെത്താന്‍ യാത്രാപാസ് അനുവദിക്കുകയോ ഷെഡ്യൂളില്‍ ഒപ്പിടാന്‍ അനുമതി നല്‍കുകയോ ചെയ്തില്ലെന്ന് നേതാക്കള്‍ ആരോപിച്ചു.
12 മണിക്കൂര്‍ ജോലിക്ക് 480 രൂപയാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് എം പാനലുകാര്‍ക്ക് നല്‍കുന്നത്. യാത്രാബത്തയും ഷെഡ്യൂളും ഉള്‍പ്പെടെയുള്ളവ നല്‍കില്ലെന്ന് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഇത്തരം പ്രതികാര നടപടികളുമായി മാനേജ്‌മെന്റ് മുന്നോട്ടുപോയാല്‍ പ്രക്ഷോഭം സംഘടിപ്പിക്കും.
ഒന്‍പതിനായിരത്തോളം കണ്ടക്ടര്‍മാരാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ജോലിചെയ്യുന്നത്. ഇവരില്‍ 10 മുതല്‍ 15 ശതമാനംവരെ അവധിയിലായിരിക്കുമെന്നതിനാല്‍ ദിവസേന ആയിരത്തിലധികം എം പാനലുകാര്‍ക്ക് ജോലി ലഭിക്കും. ഡ്യൂട്ടിക്ക് എത്തുന്നവര്‍ക്ക് 180 രൂപയോളം ഭക്ഷണത്തിന് ചെലവുവരും. യാത്രാപാസ് നല്‍കിയില്ലെങ്കില്‍ യാത്രക്കായും നല്ലൊരു തുക ചെലവാകും. ഡിപ്പോകളില്‍ ബസ് കഴുകുന്ന തൊഴിലാളികള്‍ക്കുവരെ യാത്രാപാസ് നല്‍കുന്ന സ്ഥാപനമാണ് സര്‍വിസിന്റെ നട്ടെല്ലായ എം പാനല്‍ കണ്ടക്ടര്‍മാരോട് കടുത്ത വിവേചനം കാട്ടുന്നത്.
കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് ഡ്യൂട്ടി സമയം 12 മണിക്കൂറാക്കിയത്. സംസ്ഥാനത്തെ മിക്ക വകുപ്പുകളിലും എട്ടു മണിക്കൂറാണ് ജോലിസമയം. ജീവനക്കാര്‍ക്ക് ചുരുങ്ങിയത് പ്രതിമാസം 18,000 രൂപ ശമ്പളം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ ഉത്തരവിട്ടിരിക്കുന്ന സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സിയില്‍ അടിമപ്പണി ചെയ്യിപ്പിക്കുന്നത്.
ഈ വിഷയത്തില്‍ കെ.എസ്.ആര്‍.ടി.സിക്കെതിരേ ഹൈക്കോടതിയും പരാമര്‍ശം നടത്തിയിരുന്നു. 2016 ഒക്ടോബറില്‍ സമാനമായ കേസില്‍ പൗരന്മാരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്യരുതെന്ന് സുപ്രിംകോടതിയും ഉത്തരവിട്ടിരുന്നു. ഞായറാഴ്ചയും ഇന്നലെയുമായാണ് സ്റ്റേഷന്‍മാസ്റ്റര്‍ വഴിയും ജനറല്‍ കംട്രോളിങ് ഇന്‍ചാര്‍ജ് വഴിയുമായി ഡ്യൂട്ടിക്കെത്താനുള്ള സന്ദേശം എം പാനല്‍ കണ്ടക്ടര്‍മാര്‍ക്ക് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."