സാക്ഷികളായി ആയിരങ്ങള്‍; പരീക്കര്‍ ഇനി ഓര്‍മ
പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. മൃതദേഹത്തില്‍ അന്ത്യാഞ്ജലി സമര്‍പ്പിക്കാനായി ആയിരക്കണക്കിന് ജനങ്ങളാണ് ഗോവ സംസ്ഥാന നഗരിയായ പനാജിയിലെത്തിയത്.
സംസ്ഥാന ബി.ജെ.പി ഓഫിസിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തി. തുടര്‍ന്ന് ഇവിടെനിന്ന് മൂന്ന് കി.മീറ്റര്‍ അകലെയുള്ള കലാ അക്കാദമിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയവര്‍ ഇവിടെയെത്തിയാണ് അന്തിമോപചാരം അര്‍പ്പിച്ചത്.
തുടര്‍ന്ന് പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ ഡോണ പൗലയിലെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലേക്ക് മൃതദേഹം എത്തിച്ചു.
ഇവിടെനിന്ന് മിരാമര്‍ ബീച്ചിലെ ഗോവയുടെ പ്രഥമ മുഖ്യമന്ത്രി ദയാന്ത് ബന്ദോദ്കറുടെ ശവകുടീരത്തിനടുത്തായി സംസ്‌കരിക്കുന്നതിനായി വൈകീട്ട് നാലിന് പരീക്കറുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള അന്ത്യയാത്ര തുടങ്ങി.
അഞ്ചിന് ബീച്ചിലെത്തിച്ച മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്.
പരീക്കറുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ ദുഃഖാചരണം നടത്തിയിരുന്നു. പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ടാണ് പരീക്കര്‍ അന്തരിച്ചത്. മകന്റെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."