ബഹ്‌റൈന് സാമ്പത്തിക പിന്തുണയുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍ രംഗത്ത്
മനാമ: ബഹ്‌റൈന്റെ സാമ്പത്തിക മേഖലയിലുണ്ടായ കനത്ത ആഘാതത്തിന് ആശ്വാസവുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍ രംഗത്ത്. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ബഹ്‌റൈന് സാമ്പത്തിക പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
ബഹ്‌റൈന് പ്രത്യേക സാമ്പത്തിക സഹായം നല്‍കുമെന്നും ഇതിന്റെ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും മൂന്ന് രാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്നാല്‍ സഹായം ഏത് രീതിയില്‍ എങ്ങിനെ നല്‍കുമെന്നത് സംബന്ധിച്ച് പ്രസ്താവനയില്‍ വ്യക്തതയില്ല. ഇക്കാര്യം ബഹ്‌റൈന്‍ അധികൃതരുമായി കൂടിയാലോചിച്ചു നടപ്പിലാക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.
അതിനിടെ, രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ചെടുക്കാനും ശക്തമായശ്രമങ്ങളാണ് രാജ്യം ആരംഭിച്ചിരിക്കുന്നതെന്ന് ബഹ്‌റൈന്‍ ധനമന്ത്രി ശെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ഖലീഫ സൂചന നല്‍കി.
ഇതിന്റെ ഭാഗമായി സഹോദര രാഷ്ട്രങ്ങളായ കുവൈത്ത്, സൗദി, യു.എ.ഇ എന്നീ രാജ്യങ്ങള്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു.
ഡോളറിനെതിരേ കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് ഈയിടെ ബഹ്‌റൈന്‍ ദിനാര്‍ നേരിട്ടത്. ഈ സാഹചര്യത്തിലാണ് സുഹൃദ് രാജ്യങ്ങളായ സൗദി, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങള്‍ ബഹ്‌റൈന് സഹായവുമായി രംഗത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്.
നേരത്തെ ജോര്‍ദാന്‍ അകപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സഊദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നീ രാഷ്ട്രങ്ങള്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
2014ലെ എണ്ണ വിലയിടിവാണ് ബഹ്‌റൈന്‍ സമ്പത്ത് വ്യവസ്ഥയെ സാരമായി ബാധിച്ചത്. ഇതോടൊപ്പം ഈ നവംബറില്‍ കാലാവധി പൂര്‍ത്തിയാക്കാനിരിക്കുന്ന 270 കോടി ദിര്‍ഹത്തിന്റെ ഇസ്‌ലാമിക് ബോണ്ടുകള്‍ വിറ്റഴിയില്ലെന്ന അഭ്യൂഹം നിക്ഷേപകര്‍ക്കിടയില്‍ പ്രചരിച്ചിരുന്നതായി പ്രാദേശിക പത്രവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ സുഹൃദ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയെയും സഹായ വാഗ്ദാനത്തെയും ഏറെ പ്രതീക്ഷയോടെയാണ് രാജ്യവും നിക്ഷേപകരും ഉറ്റു നോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."