ഫത്ഹുല്‍ മുഈന്‍: പരന്നൊഴുകിയ മഖ്ദൂമിയന്‍ പ്രഭാവം
ഇന്തോനേഷ്യയിലെ സ്വഹിലീ തീരത്ത് മാലിന്‍ദിയിലെ ജുമുഅത്ത് പള്ളിയില്‍ ഉമര്‍ ബിന്‍ അഹ്മദ് സുമൈത്വ് ദിനേന പൊതുജനങ്ങള്‍ക്കായി ഫത്ഹുല്‍ മുഈന്‍ അധ്യാപനം നടത്താറുണ്ടായിരുന്നു. അധ്യാപനം നടത്താന്‍ ഉദ്ധേശിക്കുന്ന ഭാഗം തന്റെ പിതാവില്‍നിന്ന് ആദ്യമേ സുഗ്രാഹ്യമാക്കിയതിന് ശേഷമാണ് അദ്ദേഹം ജുമുഅത്ത് പള്ളിയിലേക്ക് വന്നിരുന്നത്. പലതവണ മിന്‍ഹാജ് എന്ന ശാഫിഈ മദ്ഹബിലെ ഗ്രന്ഥം തനിക്ക് അധ്യാപനം നടത്തിത്തരണമെന്ന മകന്റെ ആവശ്യത്തോട് നീ ഫത്ഹുല്‍ മുഈനില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ മതിയെന്നായിരുന്നുവത്രെ പിതാവിന്റെ പ്രതികരണം. (അബ്ദുല്ല സ്വാലിഹ് ഫാരിസി, ദക്ഷിണാഫ്രിക്കയിലെ ശാഫിഈ പണ്ഡിതര്‍).
കേരളത്തിന്റെ ഭൂമികയില്‍ വിരചിതമായ ഒരു ചെറുഗ്രന്ഥത്തിന് ലോകത്തിലെ ഒരു കോണില്‍ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിലെ ഒരു പണ്ഡിതനെ സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്നത് അത്ഭുതകരമൊന്നുമല്ല. കാരണം, മഖ്ദൂമിന്റെയും ഫത്ഹുല്‍ മുഈനിന്റെയും സ്വാധീനവും ധൈഷണിക മേന്മയും നാം കേരളീയര്‍ ഇടയ്‌ക്കെപ്പഴോ വിസ്മരിച്ചുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മക്കയിലെ ദശവര്‍ഷം നീണ്ടുനിന്ന മഖ്ദൂം രണ്ടാമന്റെ പഠന സപര്യയും അതിന് മുമ്പ്തന്നെ തന്റെ പിതാമഹന്‍ മഖ്ദൂം ഒന്നാമന്‍ വിശ്വോത്തര സര്‍വകലാശാലയായ ഈജിപ്തിലെ അല്‍- അസ്ഹറില്‍നിന്നു നേടിയെടുത്ത ധൈഷണിക ഔന്നത്യവും കേരളത്തെ മറ്റൊരു വൈജ്ഞാനിക ശ്രദ്ധാകേന്ദ്രമായി പരിവര്‍ത്തിപ്പിച്ചുവെന്നത് ചരിത്രസത്യമാണ്.
മഖ്ദൂം രണ്ടാമന്‍ ശൈഖ് അഹ്മദ് സൈനുദ്ദീന്‍ ബിന്‍ മുഹമ്മദ് ഗസ്സാലിയുടെ തൂലികയില്‍ വിരിഞ്ഞ ഫത്ഹുല്‍ മുഈന് പറയാനേറെയുണ്ട് വിശേഷങ്ങള്‍. ശാഫി കര്‍മശാസ്ത്രധാരയുടെ പില്‍ക്കാല വളര്‍ച്ചയിലും വികാസത്തിലും അനിഷേധ്യമായ പങ്ക് ഫത്ഹുല്‍ മുഈനിനുണ്ട്. കര്‍മശാസ്ത്രത്തിലെ അവലംബനീയ ഗ്രന്ഥങ്ങളായ തുഹ്ഫക്കും മിന്‍ഹാജിനു ശേഷം ലോകം ദര്‍ശിച്ചത് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഫത്ഹുല്‍ മുഈനിലെ സരളവും സുഗ്രാഹ്യവുമായ വിവരണങ്ങളാണ്. ഫത്ഹുല്‍ മുഈനിന്റെ വിവരണങ്ങള്‍ക്ക് വിശദീകരണങ്ങളും അടിക്കുറിപ്പുകളും ചേര്‍ത്തെഴുതിയ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ ഇന്ത്യക്ക് പുറത്ത്‌നിന്ന് വരെ പണ്ഡിതന്മാര്‍ രചിക്കാന്‍ തയ്യാറായി.
ഇതര രാഷ്ട്രങ്ങളില്‍ഫത്ഹുല്‍ മുഈനിന്റെ ഖ്യാതിയും സ്വീകാര്യതയും കേരളത്തില്‍ മാത്രമൊതുങ്ങുന്നതായിരുന്നില്ല. കാലക്രമേണ ഇതര രാഷ്ട്രങ്ങളിലേക്കും അത് വ്യാപിച്ചു. വിവിധ രാഷ്ട്രങ്ങളില്‍നിന്നു മലബാറിലെത്തിയ വ്യാപാരികളും പഠിതാക്കളുമാണ് ഫത്ഹുല്‍ മുഈനെ പുറം ലോകത്തേക്ക് പരിചയപ്പെടുത്തിയത്. കിഴക്കനാഫ്രിക്കയിലെയും മധ്യേഷ്യയിലെയും നിരവധി പാഠശാലകളില്‍ ഫത്ഹുല്‍ മുഈന്‍ പാഠ്യവിഷയമാണ്.
ശ്രീലങ്കയിലെ മതപാഠ ശാലകളില്‍ ശാഫിഈ ധാര പിന്തുടരുന്നവര്‍ ഫത്ഹുല്‍ മുഈന്‍ അവലംബിച്ചിരുന്നുവെന്ന് അമീര്‍ അലി തന്റെ ദ ജനസിസ് ഓഫ് മുസ്‌ലിം കമ്മ്യൂണിറ്റി ഇന്‍ സിലോണ്‍ എന്ന തന്റെ പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ശ്രീലങ്കന്‍ ഹെറിറ്റേജ് ലൈബ്രറിയില്‍നിന്നു കണ്ടെത്തിയ ഫത്ഹുല്‍ മുഈനിന്റെ തമിഴ് പരിഭാഷ ഇതിന് ശക്തി പകരുന്നു. 1880കളില്‍ ജാവയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്ത എല്‍ ഡബ്ല്യു സി വാന്‍ടന്‍ ബെര്‍ഗ് ജാവനീസ് പാഠശാലകളില്‍ പഠിപ്പിക്കപ്പെട്ടിരുന്ന ഗ്രന്ഥങ്ങളെ ലിസ്റ്റ് ചെയ്തപ്പോള്‍ ഫത്ഹുല്‍ മുഈനെയും ഉള്‍പ്പെടുത്തിയതായി കാണാം. ഏറെ ജനകീയമായ ഗ്രന്ഥം എന്നാണ് അദ്ദേഹം ഫത്ഹുല്‍...... ഇആനത്തിനെ വിശേഷിപ്പിച്ചത്. സുമാത്രന്‍ പാഠശാലകളിലും സമാനമായ അവസ്ഥ നിലനിന്നതായി നെവ്ക് ഹര്‍ഗ്രോഞ്ച് നിരീക്ഷിക്കുന്നുണ്ട്.
കിഴക്കന്‍ ആഫ്രിക്കന്‍ പാഠശാലകളില്‍ ഫത്ഹുല്‍ മുഈന്‍ വര്‍ധിച്ച സ്വാധീനം നേടിയിരുന്നു. സാര്‍സിബാര്‍, ലാമുലൊമോറെ ഐലാന്റ്, മൊംബാസ എന്നിവിടങ്ങളില്‍ ഫത്ഹുല്‍ മുഈന്‍ വ്യാപകമായിരുന്നുവെന്ന് കിഴക്കനാഫ്രിക്കന്‍ ശാഫിഈ പണ്ഡിതരുടെ ജീവചരിത്രമെഴുതിയ അബ്ദുല്ലാ സ്വാലിഹ് ഫാരിസി വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രവിശ്യയില്‍ നിന്ന് അബ്ദുല്ലാ ബഖാത്തിര്‍ എന്ന പ്രമുഖ ശാഫിഈ പണ്ഡിതന്‍ മുഈനത്തിന്റെ രചന കഴിഞ്ഞ് 5 വര്‍ഷത്തിന് ശേഷം സയ്യിദ് ബക്‌രിയില്‍നിന്നു ഫത്ഹുല്‍ മുഈന്‍ പഠനം നടത്തിയതായി കാണാം. സോമാലിയയില്‍ ഫത്ഹിനേക്കാള്‍ പ്രചാരം നേടിയത് ഖുര്‍റത്തുല്‍ ഐനായിരുന്നു. സഈദ് ബ്‌നു മുഅല്ലിഫ് എന്ന സോമാലിയന്‍ പണ്ഡിതന്‍ 444 പേജ് വരുന്ന ഒരു വ്യാഖ്യാന ഗ്രന്ഥം ഖുര്‍റത്തുല്‍ ഐനിന് എഴുതിയതായി സോമാലിയയിലെ ശാഫി മദ്ഹബ് എന്ന ഗ്രന്ഥത്തില്‍ ശൈഖ് അഹ്മദ് വ്യക്തമാക്കുന്നുണ്ട്. കൂടാതെ ജാവനീസ്, ബനസ, ഇന്തോനേഷ്യന്‍, മലായി തുടങ്ങിയ ഭാഷകളിലേക്ക് ഫത്ഹുല്‍ മുഈന്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു എന്നത് പ്രചാരണത്തിനുള്ള മതിയായ തെളിവാണ്.
വ്യാഖ്യാന ഗ്രന്ഥങ്ങള്‍കേരളീയരും അല്ലാത്തവരുമായ അനേകം പണ്ഡിതന്മാര്‍ ഖുര്‍റത്തുല്‍ ഐനിനും ഫത്ഹുല്‍ മുഈനിനും വ്യാഖ്യാന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നിഹായത്തു സൈന്‍ ഫീ ഇര്‍ഷാദില്‍ മുബ്തദിഈന്‍,ശറഹു സഈദ് ബ്‌നു മുഅല്ലിഫ്, ഇആനത്തുല്‍ മുസ്തഈന്‍,ഇആനത്തു ത്വാലിബീന്‍ അലാ ഹല്ലി അല്‍ഫാളി ഫത്ഹില്‍ മുഈന്‍,തര്‍ശീഹുല്‍ മുസ്തഫീദീന്‍ ബി തൗശീഹി ഫത്ഹില്‍ മുഈന്‍,തഹ്ശീത്വുല്‍ മുത്വാലിഈന്‍, ഹാശിയത്തു ശീറാസി,ഹാശിയത്തു ഫത്ഹില്‍ മുന്‍ഹിം തുടങ്ങിയവ അതില്‍ പ്രമുഖമാണ്. ഇവയെ കൂടാതെ, മഖ്ദൂം കുടുംബത്തിലെ നിരവധി പണ്ഡിതന്മാര്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ രചിച്ചതായി കാണുന്നുണ്ട്.
എന്നാല്‍, അവയുടെ വിശദാംശങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. പല ഭാഷകളിലേക്ക് ഫത്ഹുല്‍ മുഈന്‍ മൊഴിമാറ്റം നടത്തപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ പ്രഥമ പരിഭാഷ തയ്യാറാക്കിയത് പി.കെ കുഞ്ഞ്ബാവ മുസ്‌ലിയാര്‍ പാടൂര്‍ ആണ്. പിന്നീട് നിരവധി മലയാള പരിഭാഷകള്‍ പുറത്തിറങ്ങി. തുഹ്ഫത്തു തമിലീന്‍ ഫീ തര്‍ജമതി ഫത്ഹില്‍ മുഈന്‍ എന്ന പേരില്‍ അഹ്മദ് മുഹ്‌യുദ്ധീന്‍ തമിഴ് ഭാഷയിലേക്കും കര്‍ണാടകയിലെ അഭ്യാര്‍കനൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ് ദാരിമി കന്നട ഭാഷയിലേക്കും ഡോ. അലി അസ്അദ് ഇന്തോനേഷ്യയിലേക്കും ശൈഖ് ഉസ്മാന്‍ മഹ്ദി മലായിലേക്കും ഫത്ഹുല്‍ മുഈന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അതിനുപുറമെ, കേരളീയ പണ്ഡിതന്മാരുടെ നിരവധി തഅ്‌ലീഖാത്തുകളും തഖ്‌രീറാത്തുകളും ഗവേഷണ പഠനങ്ങളും ഫത്ഹുല്‍ മുഈന്‍ അനുബന്ധമായി പുറത്ത് വന്നിട്ടുണ്ട്. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഇന്ന് നടക്കുന്ന ഫത്ഹുല്‍ മുഈന്‍ സെമിനാര്‍ ഫത്ഹുല്‍ മുഈന്‍ സ്വാധീനവും പ്രാധാന്യവും ചര്‍ച്ച ചെയ്യുകയാണ്.അതോടൊപ്പം അമൂല്യമായ ഫത്ഹുല്‍ മുഈന്‍ സംബന്ധിയായ കൃതികളുടെ പ്രദര്‍ശനവും നടക്കുന്നു.
(ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി
പിജി ഡീന്‍ ആണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."