സിയാലിന് 156 കോടി രൂപ ലാഭം
തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 156 കോടി രൂപയുടെ (നികുതി കിഴിച്ചുള്ള) ലാഭം നേടി. സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം സിയാലിന്റെ നിക്ഷേപകര്‍ക്ക് 25 ശതമാനം ലാഭവിഹിതം ശുപാര്‍ശ ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 553.42 കോടിയുടെ വിറ്റുവരവ് സിയാല്‍ നേടിയിട്ടുണ്ട്. 387.92 കോടി രൂപയാണ് കമ്പനിയുടെ പ്രവര്‍ത്തനലാഭം. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 298.65 കോടി രൂപയായിരുന്നു. സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്‍ഡ് റീട്ടെയ്ല്‍ സര്‍വിസസ് ലിമിറ്റഡ് (സി.ഡി.ആര്‍.എസ്.എല്‍) ഉള്‍പ്പെടെ സിയാലിന് 100 ശതമാനം ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കണക്കിലെടുക്കുമ്പോള്‍ മൊത്തം 701.13 കോടി രൂപയുടെ വിറ്റുവരവും 170.03 കോടി രൂപ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 592.65 കോടി രൂപയുടേതായിരുന്നു മൊത്തം വിറ്റുവരവ്. സിയാല്‍ ഡ്യൂട്ടി ഫ്രീ മാത്രം 237.25 കോടി രൂപയുടെ വിറ്റുവരവ് ഈ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തി. 30 രാജ്യങ്ങളില്‍ നിന്നായി 18,000-ല്‍ അധികം നിക്ഷേപകരുള്ള സിയാല്‍ 2003-04 സാമ്പത്തിക വര്‍ഷം മുതല്‍ മുടങ്ങാതെ ലാഭവിഹിതം നല്‍കി വരുന്നുണ്ട്. 32.41 ശതമാനം ഓഹരിയുള്ള സംസ്ഥാന സര്‍ക്കാറിന് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതമായി 31.01 കോടി രൂപ നല്‍കി. നിലവില്‍, നിക്ഷേപത്തിന്റെ 203 ശതമാനം മൊത്തം ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് മടക്കി നല്‍കിക്കഴിഞ്ഞു. 2017-18 ല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്ത 25 ശതമാനം ലാഭവിഹിതം നിക്ഷേപകരുടെ വാര്‍ഷിക യോഗം സാധൂകരിച്ചാല്‍ ഇത് 228 ശതമാനമായി ഉയരും. സെപ്റ്റംബര്‍ മൂന്നിന് എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളിലാണ് വാര്‍ഷികയോഗം.
രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തും മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാമതുമാണ് സിയാല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ചരിത്രത്തിലാദ്യമായി ഒരുകോടിയിലേറെ യാത്രക്കാരെ കൈകാര്യം ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ സിയാല്‍ ബോര്‍ഡ് അംഗങ്ങളും മന്ത്രിമാരുമായ മാത്യു ടി. തോമസ്, വി.എസ്.സുനില്‍ കുമാര്‍, ഡയറക്ടര്‍മാരായ റോയ് കെ.പോള്‍, എ.കെ.രമണി, എം.എ.യൂസഫലി, എന്‍.വി.ജോര്‍ജ്, ഇ.എം.ബാബു, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."