ക്വാറന്റൈന് ഫീസ്: പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍
തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന് ഫീസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നിലപാടിനെതിരേ പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍. കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ്, ഒ.ഐ.സി.സി എന്നിവയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ജാതകം നോക്കി മാത്രമേ ക്വാറന്റൈന് സൗകര്യം അനുവദിക്കൂ എന്ന മുഖ്യമന്ത്രിയുടെ നിലപാട് ധാര്‍ഷ്ട്യം നിറഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു.
ആദ്യം പ്രവാസികള്‍ക്കായി എല്ലാ സൗകര്യവുമൊരുക്കുമെന്ന് ഉറപ്പു നല്കിയതുകൊണ്ടാണ് സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് വിമാനം കയറി അവര്‍ നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം സര്‍വകക്ഷിയോഗത്തിലും പാര്‍ട്ടി ഭേദമെന്യെ ക്വാറന്റൈന് ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ക്വാറന്റൈന് സൗകര്യമൊരുക്കാന്‍ പ്രവാസികളില്‍നിന്ന് പണം ഈടാക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
മഹാദേവന് വാഴശ്ശേരില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം ഹസന്, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, ഒ.ഐ.സി.സി ഭാരവാഹികളായ പള്ളിക്കല്‍ ഷുജായി, ചന്ദ്രന് കല്ലട, കാരയ്ക്കാമണ്ഡപം നാസര്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."