മംഗളം ചാനല്‍ സംഘത്തെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റില്‍
പാലക്കാട്: മംഗളം റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും നടുറോഡില്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമം. സംഭവത്തില്‍ ഒരാളെ ടൗണ്‍ നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം, മേപ്പറമ്പ്, ചപ്പങ്ങല്‍ വീട്ടില്‍ ഷമീര്‍ (25) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചക്ക് 1.30ന് വിക്‌ടോറിയ കോളജിന് സമീപമാണ് സംഭവം. മംഗളം റിപ്പോര്‍ട്ടര്‍ പി. അഹമ്മദ് മുജ്തബ, ക്യാമറാമാന്‍ സിദ്ദിഖ് കടവല്ലൂര്‍ എന്നിവര്‍ക്ക് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. ചാനല്‍ സംഘത്തിന്റെ വാഹനവും അടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു.
വിക്‌ടോറിയ കോളജിന്റെ മതിലിലും സമീപത്തെ ടോള്‍ ബൂത്തിലുമായി ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങളെ വരച്ചിട്ടത് ചിത്രീകരിച്ച് മടങ്ങുകയായിരുന്നു ചാനല്‍സംഘം. കോളജിന് മുന്നില്‍ സിഗ്‌നല്‍ കാത്ത് കിടക്കവെ പിന്നിലെത്തിയ കെ.എല്‍.08.ബി.ജി. 1291 നമ്പര്‍ ബൊലേറോ ജീപ്പ് നിര്‍ത്താതെ ഹോണ്‍ മുഴക്കി. സിഗ്‌നല്‍ ആവാത്തതിനാല്‍ ചാനല്‍സംഘം വണ്ടി മുന്നോട്ട് എടുത്തില്ല. ഈ സമയമത്രയും ഹോണടിച്ചതിന് ശേഷം സിഗ്‌നല്‍ ആയതിനെതുടര്‍ന്ന് മുന്നോട്ട് എടുത്ത ചാനല്‍ വാഹനത്തിന് മുന്നിലേക്ക് ജീപ്പ് ഇരച്ചു കയറ്റി കുറുകെയിട്ട് തടഞ്ഞു. ബെലോറയില്‍ നിന്ന് ഇറങ്ങി വന്ന ഷമീര്‍ കാറിന്റെ ബോണറ്റിലും ചില്ലിലുമായി തുരുതുരാ അടിച്ച് അസഭ്യവര്‍ഷം ചൊരിഞ്ഞു. സിഗ്‌നലില്‍ വണ്ടി നിര്‍ത്തിയതിനായിരുന്നു ഈ പരാക്രമം.
ഇത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരെ ഷമീര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ മുജ്തബയെ ഇയാള്‍ ഷര്‍ട്ടില്‍ പിടിച്ച് വലിക്കുകയും നെഞ്ചിലും മുഖത്തും അടിക്കുകയും ചെയ്തു. അടിയേറ്റ് മുജ്തബയുടെ കവിളും ചുണ്ടും പൊട്ടി. കണ്ട് നിന്നവര്‍ ഓടിക്കൂടിയാണ്ഇയാളെ പിടിച്ച് മാറ്റിയത്. അക്രമശേഷം ഷമീര്‍ വാഹനമെടുത്ത് അതിവേഗം ഓടിച്ച് പോയി. ഇതിനകം വാഹനനമ്പര്‍ കുറിച്ചെടുത്ത മാധ്യമസംഘം ടൗണ്‍ നോര്‍ത്ത് എസ്.ഐക്ക് ഫോണില്‍ വിവരം കൈമാറി.
തുടര്‍ന്ന് ജില്ലാശുപത്രിയില്‍ ചികിത്സതേടി. സംഭവമറിഞ്ഞ ഉടന്‍ തന്നെ പൊലിസ് വ്യാപക തിരച്ചില്‍ നടത്തി നഗരത്തില്‍ നിന്ന് തന്നെ വാഹനം കസ്റ്റഡിയിലെടുത്ത് ഷമീറിനെ അറസ്റ്റ് ചെയ്തു. 341, 294 (ബി), 223 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വൈകീട്ടോടെ രണ്ട് പേരുടെ ആള്‍ ജാമ്യത്തില്‍ ഷമീറിനെ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."